ആശ്രിത, സന്ദര്‍ശകവിസ നിരക്ക് വര്‍ധനക്ക് ആഭ്യന്തരമന്ത്രി അംഗീകാരം നല്‍കി

കുവൈത്ത് സിറ്റി: ആശ്രിത, സന്ദര്‍ശക വിസകള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിന് ആഭ്യന്തരമന്ത്രിയുടെ അംഗീകാരം. ഇതോടൊപ്പം, ഗതാഗത നിയമലംഘനത്തിനുള്ള പിഴ കൂട്ടാനുള്ള ശിപാര്‍ശക്കും അനുമതി നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം മാസങ്ങള്‍ക്കുമുമ്പ് തയാറാക്കിയ വര്‍ധനാ റിപ്പോര്‍ട്ടിനാണ് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹ് അനുമതി നല്‍കിയത്. 
ഇതോടെ പാര്‍ലമെന്‍റിന്‍െറ അംഗീകാരം ലഭിച്ചാല്‍ താമസിയാതെ വര്‍ധന പ്രാബല്യത്തില്‍വരും. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലും വന്‍ വര്‍ധനയുണ്ട്. എല്ലാവിധ പിഴകളും ഇരട്ടിയായി കൂട്ടാനാണ് ശിപാര്‍ശ. ആശ്രിതവിസക്കും സന്ദര്‍ശകവിസക്കുമുള്ള നിരക്കുകളില്‍ വന്‍ വര്‍ധനയാണ് വരുത്തിയത്. സന്ദര്‍ശകവിസക്ക് നിലവിലെ മൂന്നു ദീനാറില്‍നിന്ന് ഒരു മാസത്തേക്ക് 30 ദീനാര്‍, രണ്ടു മാസത്തേക്ക് 60 ദീനാര്‍, മൂന്നുമാസത്തേക്ക് 90 ദീനാര്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. ആശ്രിത വിസക്ക് നിലവിലെ മൂന്നു ദീനാറില്‍നിന്ന് വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് 300 ദീനാര്‍ വീതം, ഭാര്യക്ക് 200 ദീനാര്‍, മക്കള്‍ക്ക് 150 ദീനാര്‍ വീതം എന്നിങ്ങനെയാണ് വര്‍ധന. ഇഖാമ പുതുക്കുന്നതിന് 20 ദീനാര്‍ നല്‍കണം.
 താല്‍ക്കാലിക ഇഖാമക്കും അതേനിരക്കുതന്നെ.  വിസനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി 2014 അവസാനത്തിലാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചത്. വന്‍ നിരക്ക് വര്‍ധനാ ശിപാര്‍ശയുമായി സമിതി കഴിഞ്ഞവര്‍ഷം ജൂലൈയോടെ ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിവിധ വകുപ്പുകളുമായി ആലോചിച്ചശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളതെന്നും  അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ സന്ദര്‍ശക, ആശ്രിത വിസ നിരക്കുകള്‍ വളരെ കുറവാണെന്ന് വിലയിരുത്തിയാണ് വന്‍ വര്‍ധനക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.