വിദേശി പുരുഷന്മാര്‍ക്ക് പ്രത്യേക  അഭയകേന്ദ്രം സ്ഥാപിക്കും

കുവൈത്ത് സിറ്റി: നിലവില്‍ വിദേശ സ്ത്രീ തൊഴിലാളികള്‍ക്കുള്ളതുപോലെ പുരുഷന്മാര്‍ക്കുവേണ്ടി പ്രത്യേകം അഭയകേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാന്‍പവര്‍ അതോറിറ്റിയുടെ പബ്ളിക് റിലേഷന്‍ വിഭാഗം മേധാവി ഡോ. മദ്ലൂല്‍ അല്‍ദുഫൈരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശികളായ പുരുഷന്മാര്‍ക്കുവേണ്ടി രാജ്യത്ത് സ്ഥാപിക്കപ്പെടാന്‍ പോകുന്ന നിര്‍ദിഷ്ട അഭയകേന്ദ്രം ഈ ഇനത്തില്‍ പശ്ചിമേഷ്യയിലെ ആദ്യ സംരംഭമായി എണ്ണപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അഭയകേന്ദ്രം തൊഴില്‍ പീഡനത്തിനും അവകാശ നിഷേധത്തിനും ഇരയായി വഴിയാധാരമായി മാറുന്ന വിദേശികളായ സ്ത്രീ തൊഴിലാളികള്‍ക്ക് മാത്രമുള്ളതാണ്. കഴിഞ്ഞ  ഡിസംബറിലെ അവസാന കണക്ക് പ്രകാരം ഈ അഭയകേന്ദ്രത്തില്‍ വിവിധ രാജ്യക്കാരായ 378 അന്തേവാസികളാണുള്ളത്. 
അന്തേവാസികളായ സ്ത്രീകളില്‍ ഒന്നാം സ്ഥാനത്ത് ശ്രീലങ്കക്കാരികളാണ്. സ്പോണ്‍സര്‍മാരുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് സ്വദേശി വീടുകളില്‍നിന്നും മറ്റും അഭയം തേടിയത്തെിയ 148 ശ്രീലങ്കക്കാരികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം 85 പേര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. 
അഭയകേന്ദ്രത്തിലെ അന്തേവാസികളില്‍ 73 പേരുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാരികള്‍. കാമറൂണ്‍ (64), ഗാന (35), ഫിലിപ്പീന്‍ (17), ഇത്യോപ്യ ( 7), നൈജീരിയ (6), സെറാലിയോന്‍ (5), നേപ്പാള്‍ (4), തോഗോ (3), ഐവറികോസ്റ്റ് (2), സനഗല്‍ ( 1), ഗാംമ്പിയ, മേലാവി (1) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍നിന്ന് അഭയകേന്ദ്രത്തില്‍ താമസിക്കുന്നവരുടെ കണക്ക്. അന്തേവാസികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭക്ഷണവും താമസവും ചികിത്സാ സൗകര്യവുമുള്‍പ്പെടെ നല്‍കുന്നുണ്ട്. അതോടൊപ്പം, തൊഴിലുടമകളുമായി ബന്ധപ്പെട്ട് നിഷേധിക്കപ്പെട്ട അവരുടെ അവകാശങ്ങള്‍ വാങ്ങിച്ചുകൊടുക്കുകയും നിയമപരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് മദ്ലൂല്‍ അല്‍ ദുഫൈരി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.