മത്സ്യബന്ധന, വിപണന മേഖലകളിലും സ്വദേശിവത്കരണത്തിന് നീക്കം

കുവൈത്ത് സിറ്റി: മത്സ്യബന്ധന, മൊത്തവിതരണ കരാര്‍ മേഖലകള്‍ എന്നിവ കുവൈത്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ആലോചന. സ്വദേശി യുവാക്കളുടെയും അതുവഴി രാജ്യത്തിന്‍െറയും സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ സ്വദേശിവത്രണം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് നടപടി. മാന്‍പവര്‍ അതോറിറ്റിക്ക് കീഴിലെ സ്വദേശി തൊഴില്‍ശക്തി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ വിദേശികള്‍ കൈയടക്കിവെച്ച ഇത്തരം മേഖലകള്‍ സ്വദേശി ചെറുപ്പക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്‍െറ സമ്പത്ത് രാജ്യത്തിനകത്തുതന്നെ ചെലവഴിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍.  മാര്‍ക്കറ്റിലെ വിശാലമായ പ്രദേശം നിശ്ചിത അളവ് കണക്കാക്കി ദിവസ വാടകക്ക് സ്വദേശി ചെറുപ്പക്കാര്‍ക്ക് കച്ചവടത്തിന് വിട്ടുകൊടുക്കുന്ന രീതിയെ കുറിച്ച് പഠനം നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. സ്ഥിരമായിട്ടല്ലാതെ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ  ഇത്തരം കച്ചവടസ്ഥലങ്ങള്‍ ഈ മേഖലയില്‍ ജോലിചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്ക് വിട്ടുകൊടുക്കുക എന്ന രീതി നടപ്പാക്കാനാണ് ആലോചന. ഇത് കച്ചവടത്തിലേര്‍പ്പെടുന്ന സ്വദേശികള്‍ക്കിടയില്‍ മാത്സര്യവും അതുവഴി സാമ്പത്തിക അഭിവൃദ്ധിയും സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍.  ഇതേ രീതി പിന്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വില്‍പന, വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് തുടങ്ങിയ മേഖലകളും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന്  സര്‍ക്കാറിന് കീഴിലുള്ള സ്വദേശിവത്കരണ വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നതിന്‍െറ രീതികളെകുറിച്ചും പ്രായോഗികവശങ്ങളെ കുറിച്ചുമുള്ള പഠനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.