മതസ്വാതന്ത്ര്യം: കുവൈത്തിന് യു.എസ് അഭിനന്ദനം

കുവൈത്ത് സിറ്റി: വിവിധ മതവിഭാഗങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്നതില്‍ കുവൈത്തിന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിന്‍െറ പ്രശംസ. 2015ല്‍ മതസ്വാതന്ത്ര്യത്തിന്‍െറ കാര്യത്തില്‍ കുവൈത്ത് കൈവരിച്ച പുരോഗതിയെ സംബന്ധിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഇസ്ലാമാണ് രാജ്യത്തെ ഒൗദ്യോഗിക മതമെങ്കിലും ന്യൂനപക്ഷമായ മറ്റു മതവിഭാഗങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം കുവൈത്തിലുണ്ട്. ഏതു മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ വിശ്വാസം പൂര്‍ണമായി കൊണ്ടുനടക്കാനും ആരാധനകള്‍ നിര്‍വഹിക്കാനും കുവൈത്ത് ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. മറ്റു മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് കുറ്റകരമായാണ് രാജ്യം പരിഗണിക്കുന്നത്. വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യത്തില്‍ ആരെയും കൈകടത്താന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഹോട്ടലുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍ തുടങ്ങി എവിടെ വെച്ചും അമുസ്ലിംകള്‍ക്ക് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ വിലക്കില്ല.
ഒരേ മതവിഭാഗങ്ങള്‍ക്കിടയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളെപോലും പരസ്പരം ആദരപൂര്‍വം സമീപിക്കാനാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. മറ്റു ചിന്താഗതികളെ മോശമായും കുറ്റപ്പെടുത്തിയും സംസാരിക്കുന്നതും അത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്.
വിയോജിപ്പുള്ളതോടൊപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കാന്‍ ഇതുവഴി ആളുകള്‍ നിര്‍ബന്ധിതരാകുന്നുവെന്ന പ്രത്യേകത ഇതിനുണ്ട്. മുസ്ലിംകള്‍ക്കിടയില്‍ സുന്നി, ശിയ എന്നീ രണ്ട് പ്രബല വിഭാഗങ്ങളാണ് രാജ്യത്തുള്ളത്. ഈ വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദത്തോടും ഐക്യത്തോടും മുന്നോട്ടുപോകണമെന്ന സമീപനമാണ് ഭരണകൂടത്തിന്‍േറത്. അതോടൊപ്പം, മറ്റുള്ളവര്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തീവ്ര ചിന്താഗതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് കുവൈത്ത് സ്വീകരിക്കുന്നതെന്ന് യു.എസ് റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. ശിയാ പള്ളിയിലെ ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വധശിക്ഷയുള്‍പ്പെടെ കടുത്ത നടപടി കൈക്കൊണ്ടത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മുസ്ലിം പള്ളികളിലെ ഇമാമുമാരായാല്‍ പോലും മതപരമായ സ്പര്‍ധയും ഭിന്നിപ്പുമുണ്ടാക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ അധികൃതര്‍ മടികാണിക്കാറില്ളെന്നും യു.എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.