???????? ???????????? ?????????????? ???????????????

മുത്തുവാരല്‍ ഉത്സവത്തിന് സമാപനം: കരയില്‍ ആഘോഷത്തിര; വരവേറ്റത് മുത്തം ചാര്‍ത്തി

കുവൈത്ത് സിറ്റി: രാജ്യം അഭിമാനിക്കുന്ന പാരമ്പര്യത്തിന്‍െറ ഉജ്ജ്വല സ്മരണകളുണര്‍ത്തി മുത്തുവാരല്‍ ഉത്സവത്തിന് സമാപനം. ആഴിയുടെ ആഴങ്ങളില്‍നിന്ന് വാരിയ മുത്തുകളുമായി പാരമ്പര്യത്തിന്‍െറ പഴമയും സാഹസികതയുടെ പെരുമയും ഉയര്‍ത്തിപ്പിടിച്ച് അവരത്തെിയപ്പോള്‍ തീരം ആഘോഷപ്പൊലിമയിലായി. സാല്‍മിയയിലെ തീരം ആവേശച്ചാകര കൊണ്ട് നിറഞ്ഞു. കരയില്‍ കണ്‍പാര്‍ത്തിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷപൂര്‍വമാണ് അവരെ വരവേറ്റത്. തങ്ങളുടെ ഉറ്റവരെ കണ്ടപ്പോള്‍ കരയില്‍ തടിച്ചുകൂടിയവരുടെ കണ്ണുകളില്‍നിന്ന് ആനന്ദമുത്തുകള്‍ ഉതിര്‍ന്നുവീണു. 
പാരമ്പര്യം അന്യംനിന്നുപോകാതിരിക്കാനും പുതുതലമുറക്ക് പഴമയുടെ പുതുമ അനുഭവിച്ചറിയാന്‍ അവസരമൊരുക്കാനുംവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക മുത്തുവാരല്‍ ഉത്സവത്തിന്‍െറ ഭാഗമായി മുത്തുതേടിപ്പോയവരുടെ തിരിച്ചുവരവായിരുന്നു തീരത്ത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് വേദിയൊരുക്കിയത്. നാടന്‍ പാട്ടുകളുടെയും താളവാദ്യങ്ങളുടെയും അകമ്പടിയോടെയാണ് നാടിന്‍െറ വീരനായകന്മാരെ സ്വീകരിച്ചത്. രണ്ടര പതിറ്റാണ്ട് മുമ്പാണ് മുത്തുവാരല്‍ ഉത്സവമാക്കി ആഘോഷിക്കാന്‍ തുടങ്ങിയത്. പാരമ്പര്യ മഹിമയിലും പൈതൃക സംരക്ഷണത്തിലും ഏറെ അഭിമാനിക്കുന്നവരാണ് കുവൈത്തികള്‍. അതുകൊണ്ടുതന്നെ വര്‍ഷം തോറും അരങ്ങേറുന്ന മുത്തുവാരല്‍ ഉത്സവത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യവും ഏറെയാണ്. മുങ്ങല്‍ വിദഗ്ധരെ സ്വീകരിക്കാന്‍ സാല്‍മിയയിലെ കടല്‍തീരത്ത് എത്തിച്ചേര്‍ന്ന സ്വദേശികളുടെ മുഖങ്ങളിലെല്ലാം ഈ അഭിമാനബോധം കാണാമായിരുന്നു. എണ്ണ സമ്മാനിച്ച പണക്കൊഴുപ്പില്‍ രാജ്യം സമ്പന്നതയില്‍ കുളിച്ചുനില്‍ക്കുമ്പോഴും അതിനുമുമ്പുള്ള വറുതിയുടെ കാലത്തെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ മുത്തുവാരല്‍ പാരമ്പര്യത്തെ മറക്കാനാവില്ളെന്ന് കരുതുന്ന പഴയ തലമുറക്കൊപ്പം പുതുതലമുറയും പങ്കുചേരുന്ന കാഴ്ചയായിരുന്നു സാല്‍മിയ തീരത്ത്. കടലില്‍നിന്ന് മുങ്ങിയെടുക്കുന്ന മുത്തുകള്‍ അവര്‍ക്ക് കേവലം മുത്തുകളല്ല. 
എണ്ണപ്പണ കൊഴുപ്പില്‍ വിസ്മൃതമായ പഴയകാലത്തെ ബുദ്ധിമുട്ടേറിയ ജീവിതരീതിയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. എണ്ണപ്പണത്തിന്‍െറ കൊഴുപ്പില്‍ സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടുന്നതിനുമുമ്പ് രാജ്യത്തെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായിരുന്നു മുത്തുവാരല്‍. പെട്രോഡോളര്‍ കുമിഞ്ഞുകൂടുന്നതിനുമുമ്പ് സ്വദേശികളുടെ പ്രധാന ജോലിയും വരുമാന മാര്‍ഗവുമായിരുന്നു ഏറെ പ്രയാസമേറിയതും അപകടം നിറഞ്ഞതുമായ മുത്തുവാരല്‍. പിന്നീട് കൃത്രിമ മുത്തുകള്‍ രംഗം കൈയടക്കിയതോടെയാണ് യഥാര്‍ഥ മുത്തുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞത്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് മുഖ്യ രക്ഷാധികാരിയായി കുവൈത്ത് സീ സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നാലുമാസം നീണ്ട പാരമ്പര്യ ഉത്സവത്തിനാണ് സമാപനമായത്. 13 പായക്കപ്പലുകളിലായി തീരമണഞ്ഞ 193 മുങ്ങല്‍ വിദഗ്ധരെ വാര്‍ത്താ വിതരണ മന്ത്രി ശൈഖ് സല്‍മാന്‍ സബാഹ് സാലിം അല്‍ ഹമൂദ് അസ്സബാഹ് സ്വീകരിച്ചു. അമീറിന്‍െറ ആശംസയും അഭിനന്ദനവും അദ്ദേഹം അവരെ അറിയിച്ചു. കഴിഞ്ഞ 30നാണ് സംഘം സാല്‍മിയ തീരത്തുനിന്ന് ഖൈറാന്‍ ദ്വീപിലേക്ക് തിരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.