കുവൈത്തിലെ ഇറാന്‍ എംബസി അടച്ചുപൂട്ടിക്കണമെന്ന് എം.പിമാര്‍

കുവൈത്ത് സിറ്റി: നയതന്ത്ര മര്യാദകള്‍ ലംഘിച്ച സാഹചര്യത്തില്‍ കുവൈത്തിലെ ഇറാന്‍ എംബസി അടച്ചുപൂട്ടിക്കണമെന്ന് പാര്‍ലമെന്‍റംഗങ്ങള്‍ ആവശ്യപ്പെട്ടു. അബ്ദലി ഭീകരവാദ സെല്‍ സംഭവത്തില്‍ നയതന്ത്ര ചട്ടങ്ങള്‍ ലംഘിച്ച് ഇറാന്‍ എംബസി വാര്‍ത്താകുറിപ്പിറക്കിയ പശ്ചാത്തലത്തിലാണ് എം.പിമാര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. ഭീകരവാദ കേസില്‍ പിടിയിലായവര്‍ ഇറാനും ഹിസ്ബുല്ലക്കും വേണ്ടി ചാരവൃത്തി നടത്തിയെന്ന പ്രോസിക്യൂഷന്‍െറ നിലപാട് ഇറാന്‍ എംബസി നിഷേധിച്ചിരുന്നു. 
പാര്‍ലമെന്‍റ് വിദേശകാര്യ സമിതി ചെയര്‍മാര്‍ ഹമദ് അല്‍ ഹര്‍ഷാനി എം.പി. അടക്കമുള്ളവരാണ് ഇറാന്‍ എംബസി അടച്ചുപൂട്ടിക്കണമെന്ന നിലപാട് സ്വീകരിക്കുന്നത്. ബഹ്റൈനില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ഇടപെട്ട ഇറാന്‍ ഇപ്പോള്‍ കുവൈത്തിലും സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും അബ്ദലി ഭീകരവാദ കേസില്‍ പിടിയിലായവര്‍ക്ക് ഇറാന്‍ നയതന്ത്രപ്രതിനിധികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതാണെന്നും ഹമദ് അല്‍ ഹര്‍ഷാനി  പറഞ്ഞു. തങ്ങള്‍ക്ക് ഇറാന്‍ നയതന്ത്ര പ്രതിനിധികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അബ്ദലി കേസില്‍ പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. ബഹ്റൈനിലേതിന് സമാനമായി കുവൈത്തിലും വിഭാഗീയതയും കലഹവും സൃഷ്ടിക്കാനാണ് ഇറാന്‍െറ ശ്രമം.
 ഇത് ശിയാക്കളുടെ താല്‍പര്യങ്ങള്‍ക്കും എതിരാണെന്നും ഹമദ് അല്‍ ഹര്‍ഷാനി പറഞ്ഞു. കുവൈത്തിലെ ശിയാക്കള്‍ സ്വന്തം നാട്ടുകാരോടൊപ്പം ഉറച്ചുനില്‍ക്കണം. ഇറാന്‍െറ തെറ്റായ മുദ്രാവാക്യങ്ങള്‍ക്ക് ചെവികൊടുക്കരുത്. ഇറാന്‍ സുന്നികളേക്കാള്‍ കൂടുതല്‍ ശിയാക്കളുടെ ശത്രുവാണ്. ഗള്‍ഫ് മേഖലയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ കുവൈത്തിലെ ശിയാക്കളെ ഉപയോഗിക്കാനാണ് ശ്രമം. അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്നത് അറബ് രാജ്യങ്ങളെ നശിപ്പിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.  ഇറാന് അനുകൂലമായി ചില എം.പിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ അത്തരക്കാര്‍ക്കെതിരെ സര്‍ക്കാറും പാര്‍ലമെന്‍റും ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും  ഹമദ് അല്‍ ഹര്‍ഷാനി  ആവശ്യപ്പെട്ടു.  
അബ്ദലി ഭീകരവാദ സെല്‍ കേസില്‍ ഇറാനിയന്‍ എംബസിയുടെ വാര്‍ത്താകുറിപ്പ് രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലും ജുഡീഷ്യല്‍ അതോറിറ്റിയെ അപമാനിക്കലും പബ്ളിക് പ്രോസിക്യൂഷന്‍െറ അന്വേഷണങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കലുമാണെന്ന് മാജിദ് മൂസ അല്‍ മുതൈരി എം.പി. അഭിപ്രായപ്പെട്ടു.  ഇറാന്‍െറയും ഹിസ്ബുല്ലയുടെയും പ്രതിനിധികളുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് അബ്ദലി കേസ് പ്രതികള്‍ സമ്മതിച്ചതാണ്. കുവൈത്തിലെ ഇറാന്‍ എംബസി വൃത്തികെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്. രാഷ്ട്രീയ- നയതന്ത്ര പ്രാതിനിധ്യത്തിന് പകരം മറ്റു കാര്യങ്ങളാണ് എംബസി ചെയ്തുവരുന്നത്. ഇറാനിയന്‍ എംബസിയും ഉദ്യോഗസ്ഥരും ചെയ്ത നിയമലംഘനങ്ങള്‍ വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടി കുവൈത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് തടയുന്നതിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കണം. ഇറാന്‍ പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുകയോ അല്ളെങ്കില്‍ രാജ്യംവിടുകയോ ചെയ്യുകയാണ് ഇറാന്‍ നയതന്ത്ര പ്രതിനിധികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  രാഷ്ട്രീയക്കാര്‍ അടക്കം കുവൈത്തിലെ എല്ലാ ജനങ്ങളും നിശ്ശബ്ദത വെടിയുകയും ഇറാന്‍ എംബസി അടച്ചുപൂട്ടുന്നതിനും ഇറാന്‍ പൗരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇല്ലാതാക്കുന്നതിനും ശബ്ദമുയര്‍ത്തുകയും ചെയ്യണം. 
ഇറാന്‍െറ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റംഗങ്ങളും രംഗത്ത് വരണം. കുവൈത്തിന്‍െറ കാര്യങ്ങളില്‍ ഇറാന്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഒരു വാര്‍ത്താകുറിപ്പ് കൂടി പുറത്തിറക്കണമെന്നും മാജിദ് മൂസ അല്‍ മുതൈരി എം.പി. ആവശ്യപ്പെട്ടു.  
അബ്ദലി കേസുമായി ബന്ധപ്പെട്ട് ഇറാന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് വലിയ തമാശയാണെന്ന് അബ്ദുല്ല അല്‍ മയൂഫ് എം.പി. പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ മാത്രമേ ഇറാന്‍ എംബസി പ്രതികരിക്കാന്‍ പാടുള്ളൂ. 
വാര്‍ത്താകുറിപ്പ് പുറത്തിറക്കുന്നതിന് പകരം തങ്ങളുടെ നിലപാടുകള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. കുവൈത്ത് പൊലീസ് സ്റ്റേറ്റ് അല്ളെന്നും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ എംബസിക്ക് തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ വേണമെങ്കില്‍ നിഷേധിക്കാം. എന്നാല്‍, ജുഡീഷ്യല്‍ അധികാരത്തെ വിമര്‍ശിക്കുന്നതിന് ഒരു അവകാശവുമില്ളെന്ന് മനസ്സിലാക്കണം. കുവൈത്തുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജ്യത്തിന്‍െറ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.