ഇമാം ജഅ്ഫര്‍ സാദിഖ് മസ്ജിദ് സ്ഫോടനം: പ്രതികളുടെ അപ്പീലില്‍ ഇന്ന് ആദ്യ വാദം കേള്‍ക്കല്‍

കുവൈത്ത് സിറ്റി: രാജ്യത്തെ ശിഈ വിഭാഗത്തിന്‍െറ പ്രധാന പള്ളികളിലൊന്നായ മസ്ജിദ് ഇമാം സാദിഖില്‍ ചാവേര്‍ സ്ഫോടനം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടവരുടെ കേസില്‍ ആദ്യമായി അപ്പീല്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ആകെ 29 പ്രതികളുണ്ടായിരുന്ന കേസില്‍ 15 പേരെ കുറ്റക്കാരാണെന്ന് കണ്ട കീഴ്കോടതി വധശിക്ഷക്കും ജീവപര്യന്തത്തിനുമായി ശിക്ഷിച്ചിരുന്നു. ഗൂഢാലോചനയിലും മറ്റും പങ്കാളികളായ ഏഴു പ്രധാന പ്രതികളെ വധശിക്ഷക്കും എട്ടുപേരെ രണ്ടുവര്‍ഷം മുതല്‍ 15 വര്‍ഷം വരെ തടവിലിടാനുമാണ് കീഴ്കോടതിയിലെ കുറ്റാന്വേഷണ ബെഞ്ച് ശിക്ഷിച്ചത്. മതിയായ തെളിവുകളില്ലാത്തതുകാരണം പ്രതിപ്പട്ടികയിലുണ്ടായിരുന്ന 14 പേരെ കുറ്റാന്വേഷണ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. 
വധശിക്ഷക്കും തടവിനും ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ പരാതിയിലാണ് സിറ്റിയിലെ അപ്പീല്‍ കോടതി ഇന്ന് ആദ്യ വാദം കേള്‍ക്കുക. കഴിഞ്ഞ ജൂണ്‍ 26ന് വെള്ളിയാഴ്ചയാണ് ശര്‍ഖിലെ സവാബിര്‍ പാര്‍പ്പിട സമുച്ചയത്തിന് സമീപമുള്ള ഇമാം ജഅ്ഫര്‍ സാദിഖ് മസ്ജിദില്‍ ചാവേര്‍ സ്ഫോടനം നടന്നത്. 
സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഞെട്ടിച്ച ചാവേര്‍ സ്ഫോടന കേസിലെ പ്രതികളുടെ വിചാരണ കണക്കിലെടുത്ത് സിറ്റിയിലെ 
കോടതിയിലും പരിസരത്തും കനത്ത സുരക്ഷയാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.