അലക്ഷ്യമായി മാലിന്യം തള്ളുന്നവര്‍ക്ക്  250 ദീനാര്‍ പിഴ

കുവൈത്ത് സിറ്റി: പരിസ്ഥിതിക്ക് ദോഷംവരുത്തുന്നതരത്തില്‍ മാലിന്യക്കുട്ടക്ക് പുറത്ത് പാഴ്വസ്തുക്കള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് 250 ദീനാര്‍ പിഴ ഏര്‍പ്പെടുത്തുന്നതരത്തില്‍ നിയമഭേദഗതി ഉടന്‍ ഉണ്ടാവുമെന്ന് ജല-വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബൂഷഹരി പറഞ്ഞു. ‘നല്ല ജീവിതത്തിന് നല്ല പരിസ്ഥിതി’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സിമ്പോസിയത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 
വീടുകളില്‍നിന്നുള്ള മാലിന്യമാണ് രാജ്യംനേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. കുവൈത്തില്‍ ശരാശരി ഒരു പൗരന്‍ ആഴ്ചയില്‍ ഉല്‍പാദിപ്പിക്കുന്ന മാലിന്യത്തിന്‍െറ അളവ് ഏഴു കിലോഗ്രാമാണ്. ഒരുമാസം രാജ്യത്ത് ആകമാനം 4000 ടണ്‍ മാലിന്യം കുമിഞ്ഞുകൂടുന്നുണ്ടെന്നത് ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. രാജ്യത്തെ വിസ്തൃതിയുമായി വെച്ചുനോക്കുമ്പോള്‍ ഗണ്യമായ വര്‍ധനയാണ് മാലിന്യങ്ങളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കാര്യത്തിലും അവ കൊണ്ടുപോയി സംസ്കരിക്കുന്നകാര്യത്തിലും പിഴവുസംഭവിച്ചാല്‍ പരിസ്ഥിതിക്കും പ്രകൃതിക്കും നാശമാണുണ്ടാവുക. ഇതുകൊണ്ടാണ് ഇക്കാര്യത്തില്‍ നിയമം ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ജലത്തിന്‍െറ ഉപയോഗത്തിലും നാം ഉദാസീന നയമാണ് തുടര്‍ന്നുവരുന്നത്. കുവൈത്തിലെ ആളോഹരി ജലോപയോഗം പരിധിവിട്ട് ഉയര്‍ന്നിട്ടുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. 
രാജ്യത്ത് ഒരാള്‍ ഒരു ദിവസം ശരാശരി 500 ലിറ്റര്‍ ജലം ഉപയോക്കുന്നുണ്ടത്രെ. ലോകതലത്തില്‍ തന്നെ ജലത്തിന്‍െറ ഉപയോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് മുന്നിലുണ്ടെന്ന വിവരമാണ് അടുത്ത് പുറത്തുവന്നത്. ജലത്തിന്‍െറയും വൈദ്യുതിയുടെയും ഉപയോഗത്തില്‍ മിതത്വം പാലിച്ചുകൊണ്ടുള്ള സംസ്കാരമാണ് പ്രകൃതിയോട് ഇണങ്ങിയത്. ‘നല്ല ജീവിതത്തിന് നല്ല പ്രകൃതി’ സാധ്യമാവണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന്  മുഹമ്മദ് ബൂഷഹരി കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.