ശുഐബ എണ്ണശുദ്ധീകരണശാല  അടക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ മൂന്ന് എണ്ണ ശുദ്ധീകരണശാലകളില്‍ ഒന്നായ ശുഐബ പ്ളാന്‍റ് അടച്ചുപൂട്ടാന്‍ ധാരണയായി. കാലപ്പഴക്കത്തെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍. രണ്ടു ലക്ഷം ബാരല്‍ പ്രതിദിന ഉല്‍പാദന ശേഷിയുള്ള ശുഐബ എണ്ണ ശുദ്ധീകരണശാല 2017 ഏപ്രിലില്‍ അടച്ചുപൂട്ടുമെന്ന് കുവൈത്ത് പെട്രോളിയം കമ്പനി ഒൗദ്യോഗിക വക്താവ് ഖാലിദ് അല്‍അസ്ഊസിയാണ് വ്യക്തമാക്കിയത്. ഏറ്റവും ആദ്യം പ്രവര്‍ത്തിച്ചുതുടങ്ങിയതാണെങ്കിലും ഉല്‍പാദന ശേഷികൊണ്ടും വിസ്തൃതികൊണ്ടും കുവൈത്തിലെ ഏറ്റവും ചെറിയ എണ്ണശുദ്ധീകരണ പ്ളാന്‍റാണ് ശുഐബയിലേത്. 
കാലം കൂടുതലായി എന്നതിന് പുറമെ 2018 പകുതിയോടെ രാജ്യത്തെ ആദ്യത്തെ പ്രകൃതിസന്തുലന എണ്ണശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം തുടങ്ങുമെന്നതുകൊണ്ടുകൂടിയാണ് ശുഐബ പ്ളാന്‍റ് പൂട്ടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മീന അബ്ദുല്ലയിലും അഹ്മദിയിലുമുള്ള രണ്ട് പ്ളാന്‍റുകള്‍ വികസിപ്പിക്കുകയും ആധുനികീകരിക്കുകയും ചെയ്താണ് പ്രകൃതി സൗഹൃദ എണ്ണശുദ്ധീകരണശാലയുടെ നിര്‍മാണം പുരോഗമിക്കുന്നത്. 
മീന അബ്ദുല്ലയിലും അഹ്മദിയിലുമായി 39 ചെറു യൂനിറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രകൃതിക്ക് ദോഷംവരാത്ത തരത്തിലുള്ള പുതിയ പ്ളാന്‍റ് ഉയരുന്നത്. പെട്രോളിയം ശുദ്ധീകരണത്തിന് പുറമെ ഡീസലും മണ്ണെണ്ണയും വേര്‍തിരിച്ചെടുക്കുന്ന പ്രവൃത്തികളും പുതിയ പ്ളാന്‍റില്‍ നടക്കും. ഉയര്‍ന്ന തോതിലുള്ള പെട്രോളിയം ഉല്‍പാദനവും അതോടൊപ്പം ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ ശുദ്ധീകരണവുംകൂടി നടക്കുന്നതോടെ രാജ്യത്തെ വലിയ എണ്ണശുദ്ധീകരണശാലയായി അത് മാറുമെന്നാണ് പ്രതീക്ഷ. മൊത്തം 4.6 ബില്യന്‍ ദീനാറാണ് പദ്ധതിയുടെ പ്രവര്‍ത്തനച്ചെലവ് കണക്കാക്കിയത്. ഇതില്‍ 982 മില്യന്‍ ദീനാര്‍ ഇതുവരെ ചെലവഴിച്ചുകഴിഞ്ഞതായി അസ്ഊദി വെളിപ്പെടുത്തി. നിലവില്‍ കുവൈത്തില്‍ മൂന്ന് എണ്ണശുദ്ധീകരണശാലകളാണുള്ളത് -ശുഐബ പ്ളാന്‍റിനുപുറമെ 2,70,000 ബാരല്‍ പ്രതിദിന ഉല്‍പാദന ശേഷിയുള്ള മീന അബ്ദുല്ല എണ്ണ ശുദ്ധീകരണശാലയും 2,60,000 ബാരല്‍ പ്രതിദിന ഉല്‍പാദന ശേഷിയുള്ള അഹ്മദി പ്ളാന്‍റും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.