പാസ്പോര്‍ട്ട്-ഇഖാമ കാലാവധി ബന്ധിപ്പിക്കല്‍: ഒരുക്കങ്ങള്‍ പൂര്‍ണം

കുവൈത്ത് സിറ്റി: പാസ്പോര്‍ട്ടിന്‍െറ കാലാവധി  തീരുന്നതോടെ ഇഖാമയുടെ കാലാവധിയും അവസാനിക്കുന്ന സംവിധാനം പുതുവത്സരദിനത്തോടെ പ്രാബല്യത്തില്‍വരാനിരിക്കെ അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഒരുക്കങ്ങളുടെ അവസാനവട്ട വിലയിരുത്തലിനായി താമസകാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍മറാഫിയുടെ അധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ താമസകാര്യ ജനറല്‍ ഡയറക്ടറേറ്റ് പ്രത്യേക യോഗം ചേര്‍ന്നു. അസിസ്റ്റന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ഹാജരിയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ച യോഗത്തില്‍ പുതിയ നിയമം നടപ്പാക്കുന്നതിന്‍െറ വിവിധ വശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.

ആറ് ഗവര്‍ണറേറ്റുകളിലെയും താമസകാര്യ വിഭാഗ മേധാവികള്‍, ഇന്‍റലിജന്‍സ് അഫയേഴ്സ്, അഡ്മിനിസ്ട്രേഷന്‍ സര്‍വിസ് സെന്‍ററുകള്‍, ഇന്‍ഫര്‍മേഷന്‍-കമ്യൂണിക്കേഷന്‍ വിഭാഗം, സെക്യൂരിറ്റി ആന്‍റ് മീഡിയ വിഭാഗം തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ്, അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ഫഹദ്, പാസ്പോര്‍ട്ട്-പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് അസ്സബാഹ് എന്നിവരുടെ അസാന്നിധ്യത്തില്‍ അവരുടെ സന്ദേശങ്ങള്‍ യോഗത്തില്‍ വായിച്ചു. പാസ്പോര്‍ട്ട്-ഇഖാമ കാലാവധി ബന്ധിപ്പിക്കല്‍ കൃത്യമായും സമയബന്ധിതമായും നടപ്പാക്കേണ്ടതിന്‍െറ ആവശ്യകത ആഭ്യന്തര മന്ത്രിയുടെ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു. പാസ്പോര്‍ട്ട്-ഇഖാമ കാലാവധി ബന്ധിപ്പിക്കല്‍ പ്രാബല്യത്തില്‍ വരുന്നതോടെ താമസവിസ ഇഷ്യു ചെയ്യുന്നതും ഇഖാമ ലംഘനം കണ്ടത്തെുന്നതും പിഴ ചുമത്തുന്നതുമടക്കമുള്ള നടപടിക്രമങ്ങള്‍ സുഗമമാവുമെന്ന് പ്രതീക്ഷിക്കുന്നതായി തലാല്‍ അല്‍മറാഫി വ്യക്തമാക്കി. പുതിയ നിയമം പരമാവധി വിദേശികളിലേക്ക് എത്തിക്കുന്നതിനായി വിദേശരാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന വിദേശികളുടെ പാസ്പോര്‍ട്ട് കാലാവധി ശ്രദ്ധിക്കണമെന്ന് സ്വദേശി സ്പോണ്‍സര്‍മാരെയും ഉണര്‍ത്തി.

നിയമം പ്രാബല്യത്തില്‍വരുന്നതോടെ പാസ്പോര്‍ട്ട് കാലാവധിക്ക് അനുസൃതമായി മാത്രമേ ഇഖാമ ഇഷ്യു ചെയ്യുകയുള്ളൂ. ഉദാഹരണത്തിന് ഇഖാമ ഇഷ്യു ചെയ്യുന്ന സമയത്ത് പാസ്പോര്‍ട്ടിന് മൂന്ന് മാസം കൂടി മാത്രമേ കാലാവധിയുള്ളൂവെങ്കില്‍ അത്ര കാലത്തേക്ക് മാത്രമേ ഇഖാമയടിക്കുകയുള്ളൂ. നിലവില്‍ ഇഖാമാ കാലാവധിയും പാസ്പോര്‍ട്ട് കാലാവധിയും ബന്ധപ്പെടുത്താറില്ല. ഇഖാമയില്‍ കാലാവധി അവശേഷിക്കുന്നവരുടെ പാസ്പോര്‍ട്ടിന്‍െറ കാലാവധി അവസാനിച്ചാല്‍ പാസ്പോര്‍ട്ട് പുതുക്കിയശേഷം ഇഖാമ വിവരങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, പലരും പുതുക്കിയ പാസ്പോര്‍ട്ടില്‍ ഇഖാമാ വിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കാറില്ല. ഇതോടെ, ആഭ്യന്തര മന്ത്രാലയത്തിലെ രേഖകളില്‍ മാത്രമുള്ള ഇഖാമ കാലാവധി പാസ്പോര്‍ട്ടില്‍ ഇല്ലാത്ത അവസ്ഥ വന്നു.

പുതുക്കിയ പാസ്പോര്‍ട്ടില്‍ ഇഖാമ വിവരം ഇല്ലാത്തതിനാല്‍ പലര്‍ക്കും വിമാനത്താവളത്തിലത്തെിയശേഷം യാത്ര ചെയ്യാനാവാത്ത സാഹചര്യം വരെയുണ്ടാകാറുണ്ട്. ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് പാസ്പോര്‍ട്ട്, ഇഖാമ കാലാവധികള്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുമുന്നോടിയായി പുതുക്കിയ പാസ്പോര്‍ട്ടില്‍ മൂന്നു മാസം കഴിഞ്ഞിട്ടും ഇഖാമ വിവരങ്ങള്‍ ചേര്‍ക്കാത്തവര്‍ക്ക് പിഴ ഏര്‍പ്പെടുത്തിത്തുടങ്ങിയിരുന്നു. ഒരുദിവസം വൈകിയാല്‍ രണ്ടുദീനാറില്‍ തുടങ്ങി പരമാവധി 600 ദീനാര്‍ വരെയാണ് അത്തരക്കാരില്‍നിന്ന് പിഴ ഈടാക്കിയിരുന്നത്. പാസ്പോര്‍ട്ട്-ഇഖാമ കാലാവധികള്‍ ബന്ധിപ്പിക്കുന്ന നിയമം രാജ്യത്ത് നേരത്തേ നിലവിലുണ്ട്. 1959ല്‍ പാസാക്കിയ 17ാം നമ്പര്‍ നിയമത്തിലെ 12ാം വകുപ്പിലും 1987ലെ 640ാം നിയമത്തിലെ 15ാം വകുപ്പിലും ഇത് പ്രതിപാദിക്കുന്നു. പക്ഷേ, നേരത്തേ ഇത് കാര്യമായി നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇത് നടപ്പാക്കിത്തുടങ്ങിയെങ്കിലും ഇപ്പോഴാണ് കര്‍ശനമാക്കാന്‍ ഒരുങ്ങിയത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.