ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം
പശ്ചിമേഷ്യയിൽ യു.എസ് നിർണായക നീക്കങ്ങൾ ആരംഭിക്കുകയും ഇറാൻ പ്രത്യാക്രമണങ്ങൾ ശക്തമാക്കുകയും ചെയ്തതോടെ അതീവ ജാഗ്രതയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇന്നലെയും മേഖലയിലെ വിവിധ ഭാഗങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണാ റിപ്പോർട്ട് ചെയ്തു.
സൗദിയിൽ 26 ഡ്രോണുകളും ആറു മിസൈലുകളും തകർത്തു
സൗദി തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി വെള്ളിയാഴ്ച 26 ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സേന വിജയകരമായി തടഞ്ഞു. റിയാദ് മേഖല ലക്ഷ്യമാക്കി വന്ന ആറ് ബാലിസ്റ്റിക് മിസൈലുകളിൽ രണ്ടെണ്ണം ആകാശത്തുവെച്ച് തന്നെ തകർക്കാൻ പ്രതിരോധ സേനക്കായി. ബാക്കി നാലെണ്ണം അറേബ്യൻ ഉൾക്കടലിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലുമാണ് പതിച്ചത്.
റിയാദ് മേഖലയിൽ മാത്രം മൂന്ന് ഡ്രോണുകൾ വെടിവച്ചിട്ടു. തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഒരു സൈനിക കേന്ദ്രത്തിന് സമീപം പതിച്ചെങ്കിലും ആർക്കും പരിക്കേൽക്കുകയോ നാശഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത് തുറമുഖങ്ങൾ ലക്ഷ്യമിട്ട് ആക്രമണം
കുവൈത്തിലെ ഷുവൈഖ് തുറമുഖം, മുബാറക് അൽ കബീർ തുറമുഖം എന്നിവ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ഡ്രോൺ, മിസൈൽ ആക്രമണം. രണ്ടിടത്തും ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടിടത്തും അടിയന്തിര സുരക്ഷ നടപടികൾ നടപ്പിലാക്കി.
ഷുവൈഖ് തുറമുഖം ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് തുറമുഖ അതോറിറ്റി (കെ.പി.എ) അറിയിച്ചു. മുബാറക് അൽ കബീർ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോൺ, മിസൈൽ ആക്രമണം നടന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ആളപായമില്ല. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ രണ്ട് ഡ്രോണുകൾ വെള്ളിയാഴ്ച പുലർച്ചെ തടഞ്ഞുനശിപ്പിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) അറിയിച്ചു.
യു.എ.ഇ ഒമ്പത് ഡ്രോണുകൾ പ്രതിരോധിച്ചു
ഇറാനിൽ നിന്ന് രാജ്യത്തിന് നേരെ അയച്ച ആറു മിസൈലുകളും ഒമ്പത് ഡ്രോണുകളും വെള്ളിയാഴ്ച വിജയകരമായി പ്രതിരോധിച്ചു. ഇതോടെ ആക്രമണം ആരംഭിച്ചതിന് ശേഷം രാജ്യം പ്രതിരോധിച്ച ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം 378 ആയി. 15 ക്രൂസ് മിസൈലുകളും 1835 ഡ്രോണുകളും ആകെ തടഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതിനിടെ വ്യത്യസ്ത സംഭവങ്ങളിലായി രാജ്യത്ത് പരിക്കേറ്റവരുടെ എണ്ണം 171 ആയി. വ്യാഴാഴ്ച അബൂദബിയിൽ മിസൈൽ ചീളുകൾ പതിച്ച് ഇന്ത്യക്കാരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് ഭീഷണിയെയും നേരിടാൻ സന്നദ്ധമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നയതന്ത്ര ചർച്ചയുമായി ഖത്തർ
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിടെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
നെടുമ്പാശേരി: കൊച്ചിയിൽനിന്ന് വെള്ളിയാഴ്ച ഗൾഫ് സെക്ടറുകളിലേയ്ക്കും തിരികെയും വിവിധ വിമാന കമ്പനികൾ 31 സർവിസുകൾ നടത്തി. കൊച്ചിയിലേക്ക് 16 സർവിസുകളും ഇവിടെനിന്ന് 15 സർവിസുകളും നടത്തി.
അബൂദബിയിൽനിന്നും തിരികെയും അഞ്ച് സർവിസുകൾ വീതമുണ്ടായി. ദുബൈയിൽനിന്നും തിരിച്ചും മൂന്നു വീതം, ദമ്മാം, ഷാർജ, മസ്കത്ത് എന്നിവിടങ്ങളിൽനിന്നും തിരിച്ചും രണ്ടുവീതവും നടത്തി. റിയാദിൽനിന്നും തിരിച്ചും ഒന്നുവീതം സർവിസുമുണ്ടായി. ദോഹയിൽനിന്ന് ഒരു വിമാനമെത്തി. ഈ വിമാനം ശനിയാഴ്ച 11.10ന് ദോഹയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.