ഗൾഫിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത യു.എ.ഇ ഉൾപ്പെടെ എല്ലാ ഗൾഫ് നാടുകളിലും ചികിത്സക്ക് വിപുലമായ സംവിധാനങ്ങൾ. യു.എ.ഇയിൽ പോസിറ്റിവ് ആയവരിൽ ഏറ ്റവുമധികം ഇന്ത്യക്കാരാണെങ്കിലും വൈറസ് ബാധിതർ ഏതു നാട്ടുകാർ എന്ന കണക്ക് പുറത്തു വിടാതെയാണ് പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും നടക്കുന്നത്. എല്ലാ പ്രധാന പൊതു- സ്വകാര്യ ആശുപത്രികളിലും കോവിഡ് പരിശോധനാ സൗകര്യമുണ്ട്. പുറമെ 24 മണിക്കൂർ പ്രവർത ്തിക്കുന്ന ഒമ്പത് പരിശോധനാ കേന്ദ്രങ്ങളും. നക്ഷത്ര ഹോട്ടലുകളിൽ െഎസൊലേഷൻ-ക്വാറ ൻറീൻ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. 5000 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റലാണ് ദുബൈയിൽ ഒരുങ്ങുന്നത്. വർസാനിൽ ദുബൈ ആരോഗ്യ അതോറിറ്റിയുടെ അനുമതിയോടെ കെ.എം.സി.സി നൂറുകണക്കിന് മുറികളുള്ള ഫ്ലാറ്റുകൾ സജ്ജമാക്കി.
ബഹ്റൈനിൽ 613 വിദേശ തൊഴിലാളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശ തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിൽനിന്ന് അവരെ മാറ്റിപ്പാർപ്പിക്കുന്നതിന് സ്കൂളുകൾ കണ്ടെത്തും. മെഡിക്കൽ സംഘങ്ങൾ സൽമാനിയ, ഹിദ്ദ്, അൽബ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സർക്കാർ നടപടികൾ മികച്ചതാണൈന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
സൗദിയിൽ രോഗവ്യാപനം തടയാൻ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ എംബസി സർവ പിന്തുണയുമായി രംഗത്തുണ്ടെങ്കിലും പ്രാവർത്തിക തലങ്ങളിലെ നിയന്ത്രണങ്ങൾ ഇന്ത്യൻ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യൻ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ എംബസി നിയന്ത്രണത്തിലുള്ള 10 കമ്യൂണിറ്റി സ്കൂളുകൾ ഉപയോഗപ്പെടുത്താനാവുമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനും മറ്റും വളൻറിയർമാരെ നിയോഗിക്കണമെന്നും അഷ്റഫ് ചൂണ്ടിക്കാട്ടുന്നു.
ഖത്തറിൽ കോവിഡ് ചികിത്സ സൗജന്യമാണ്. 16000 എന്ന ഹോട്ട്ലൈൻ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. സാധാരണ ചികിത്സ ആവശ്യമുള്ളവർക്ക് ഡോക്ടറുടെ പരിശോധന ഫോണിൽ ലഭ്യമാക്കി മരുന്ന് വീട്ടിലെത്തിക്കാൻ സൗകര്യമുണ്ട്. ഹസം മുബൈരീഖ് ജനറല്‍ ആശുപത്രി, തുമാമ, മൈദർ, അൽഗറാഫ, ഉംസലാൽ ഹെൽത്ത് സെൻററുകൾ എന്നിവ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ഫീല്‍ഡ് ആശുപത്രികളും സജ്ജമാണ്. സായുധ സേനയുമായി സഹകരിച്ച് രണ്ട് താല്‍ക്കാലിക ആശുപത്രികളും സജ്ജമാക്കി. മികച്ച ചികിത്സയാണ് ഖത്തർ ഏർപ്പെടുത്തുന്നതെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും കേരളസഭ അംഗവുമായ സി.വി. റപ്പായി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഒമാനിൽ ആരോഗ്യ മന്ത്രാലയവും എംബസിയും കാര്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരിൽ ഏതാണ്ട് 80 ശതമാനത്തിലധികവും മസ്കത്ത് ഗവർണറേറ്റിലാണ്. ഭക്ഷണവും വെള്ളവും ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് മരുന്നുകളും എത്തിക്കുന്നുണ്ട്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരെ നഗരത്തിൽനിന്ന് ദൂരെ മിസ്ഫയിൽ സജ്ജീകരിച്ച െഎസൊലേഷൻ സ്ഥലത്തേക്കാണ് മാറ്റിയത്.
ആരോഗ്യ മന്ത്രാലയവും എംബസിയും അവസരത്തിനൊത്ത് ഉയർന്നതായി ലോക കേരള സഭാ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ പി.എം. ജാബിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.