മനാമ: ജൂൺ 27ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ ഏരിയകളിൽ ‘യൂത്ത് അലർട്ട്’ എന്ന പേരിൽ ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി ലഹരി വിരുദ്ധറാലി സംഘടിപ്പിക്കുന്നു. സംഘടനയുടെ ഒമ്പത് ഏരിയ കമ്മിറ്റികളെ മൂന്ന് മേഖലകളാക്കി തിരിച്ച് നടത്തുന്ന യൂത്ത് അലർട്ട് വേദികളിൽ കെ.പി.സി.സി കല സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ‘തണൽ’ എന്ന ചെറുനാടകം അരങ്ങേറും.
ഐ.വൈ.സി.സി പ്രവർത്തകർ അഭിനയിക്കുന്ന നാടകം മൂന്ന് മേഖല വേദികളിലും ഒപ്പം ജൂൺ 27നുള്ള യൂത്ത് ഫെസ്റ്റ് വേദിയിലും അവതരിപ്പിക്കും.വർധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധതരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം മുൻനിർത്തി അത്തരം തിന്മകളിൽനിന്ന് ഇന്നുള്ളവരെയും ഇനിയുള്ള തലമുറയെയും മോചിപ്പിക്കുകയെന്ന ഉദ്ദേശം വെച്ച് ബോധവത്കരണ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോവുകയാണ്.
അതിന്റെ ആദ്യപടിയായി തിങ്കളാഴ്ച ഗുദൈബിയ, മുഹറഖ്, ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാത്രി 7.30ന് ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽവെച്ച് യൂത്ത് അലർട്ട് പരിപാടിക്ക് തുടക്കമാകും. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.