മനാമ: രാജ്യത്തെ സ്ത്രീകളുടെ പുരോഗതിക്കും ദേശീയ വികസന പദ്ധതികളിൽ അവരുടെ ആവശ്യങ്ങൾ സംയോജിപ്പിക്കുന്നതിനും വേണ്ടി ബഹ്റൈൻ പാർലമെന്റും വനിത സുപ്രീം കൗൺസിലും (എസ്.സി.ഡബ്ല്യു) തമ്മിൽ സുപ്രധാന സഹകരണ കരാർ ഒപ്പുവെച്ചു. രാജകുമാരി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ അധ്യക്ഷയായ സുപ്രീം സമിതിയുടെ ശ്രമങ്ങളെ പാർലമെൻറ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം പ്രശംസിച്ചു. ദേശീയവികസനത്തിന്റെ എല്ലാ മേഖലകളിലും ബഹ്റൈൻ വനിതകൾ കൈവരിച്ച നേട്ടങ്ങളിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിരന്തര പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തുടർ നടപടികളും പ്രതിഫലിക്കുന്നുണ്ടെന്ന് സ്പീക്കർ അൽ മുസല്ലം ചൂണ്ടിക്കാട്ടി.
കരാർ പ്രകാരം ഭരണഘടനാപരവും പൗരസംബന്ധവുമായ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കുകയും പൊതുജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യും. ദേശീയ വികസന പരിപാടികളിൽ സ്ത്രീകളുടെ സംഭാവനകൾ സംയോജിപ്പിക്കുക, ലിംഗസമത്വവും അവസരസമത്വവും പ്രോത്സാഹിപ്പിക്കുക എന്നിവയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമനിർമാണ ചട്ടക്കൂടുകൾ മെച്ചപ്പെടുത്തുന്നതിനും സ്ഥാപനപരമായ സംയോജനം വേഗത്തിലാക്കുന്നതിനും വേണ്ടി ജെൻഡർ ബാലൻസ് കമ്മിറ്റിയിലൂടെയും മറ്റ് നിയമപരമായ സംവിധാനങ്ങളിലൂടെയും പാർലമെന്റ് എസ്.സി.ഡബ്ല്യുയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അൽ മുസല്ലം വ്യക്തമാക്കി.പ്രതിനിധി സംഘങ്ങളെ സ്വീകരിക്കുക, പ്രാദേശിക, അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കുക, ശിൽപശാലകൾ, സെമിനാറുകൾ, ബോധവത്കരണ കാമ്പയിനുകൾ എന്നിവ പോലുള്ള സംയുക്ത പരിപാടികൾ സംഘടിപ്പിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.
സ്ത്രീകളെ ബാധിക്കുന്ന നിയമനിർമാണ നിർദേശങ്ങളുമായി ബന്ധപ്പെട്ട ഡേറ്റകളും പഠനങ്ങളും ഗവേഷണങ്ങളും പങ്കുവെക്കാനുള്ള ചട്ടക്കൂടും ഇതിൽ ഉൾപ്പെടുന്നു. ഇത്, ദേശീയനിയമങ്ങളുടെയും പരിപാടികളുടെയും വികസനത്തിൽ സ്ത്രീകളുടെ കാഴ്ചപ്പാടുകൾ നേരിട്ടോ അല്ലാതെയോ ഉൾക്കൊള്ളിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.