വിസ്ഡം ബഹ്റൈൻ ചാപ്റ്റർ പ്രതിഷേധ സംഗമം
മനാമ: കേരളത്തിൽ കലാലയങ്ങളിൽ അനുദിനം വർധിക്കുന്ന മദ്യ, ലഹരിക്കെതിരെ ബോധവത്കരണമെന്ന പേരിൽ ചർച്ചകളില്ലാതെ സർക്കാർ പാഠ്യപദ്ധതിയിലൂടെ നടപ്പാക്കിയ സുംബ നൃത്തത്തിന്റെ അശാസ്ത്രീയതയെക്കുറിച്ച് ഫേസ് ബൂക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ഏകാധിപത്യ സ്വഭാവത്തോടെ നടപ്പാക്കിയ പ്രതികാര നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചും വിസ്ഡം ബഹ്റൈൻ ചാപ്റ്റർ സമൂഹത്തിലെ വിവിധ സാംസ്കാരിക വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
സദസ്സ്
പ്രഭാതത്തിൽ വിളിച്ചു കൂവി ലോകത്തെ ഉണർത്തുന്നു എന്ന കുറ്റത്തിന്റെ പേരിൽ എല്ലാവരും കശാപ്പ് ചെയ്യന്ന 'കോഴി'യുടെ ഗതിയാണ് മിക്കവാറും ധർമച്യുതിക്കെതിരെ പ്രതികരിക്കുന്നവർക്കെതിരെ ഭരണകൂടം നടത്തുന്നതെന്ന് മുഖ്യ പ്രഭാഷകൻ വിസ്ഡം ബഹ്റൈൻ പ്രതിനിധി സജ്ജാദ് ബിൻ അബ്ദു റസാഖ് ഓർമിപ്പിച്ചു. സാമൂഹിക വിപത്തുക്കളെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് അഷ്റഫ് മാഷിനെ പോലുള്ളവരെ സസ്പെൻഡ് ചെയ്യുക എന്നത് അനുവദിച്ചുകൂടാത്തതാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മെംബർ ബിനു കുന്നന്താനം ഓർമിപ്പിച്ചു. ബഹ്റൈൻ പോലുള്ള കൊച്ചുരാജ്യത്ത് നമ്മുടെ നാടിന്റെ പൊതുനന്മയോർത്ത് ഇത്തരം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ച വിസ്ഡം പ്രവർത്തകരെ അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സുംബ പോലുള്ള പരിപാടികൾ ക്രമേണ കുട്ടികളെ ലഹരിയിലേക്ക് നയിക്കാനേ സഹായിക്കൂവെന്ന് കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ചൂണ്ടിക്കാട്ടി. വിസ്ഡം ബഹ്റൈൻ ചാപ്റ്ററിന്റെ ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾക്ക് കെ.എം.സി.സിയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പൗരന്റെ മൗലികാവകാശമായ മതത്തിൽ വിശ്വസിക്കാനും ആ മതത്തെ പ്രബോധനം ചെയ്യാനും അവന്റെ ആരാധനാകർമങ്ങൾക്കും ഭരണഘടന അവകാശം നൽകിയിരിക്കെ, മതവിശ്വാസങ്ങൾക്കെതിരായ കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാനും പൗരന് അവകാശമുണ്ടെന്ന് യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗം അലി അൽത്താഫ് ഓർമിപ്പിച്ചു. വിസ്ഡം ബഹ്റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി ബിനു ഇസ്മയിൽ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സി.എം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സാദിഖ് ബിൻ യഹ്യ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.