പി.വി രാധാകൃഷ്ണപിള്ള

വ്യാജ പ്രചരണങ്ങളെ ഞങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല’

മനാമ: ഗൾഫ് സംഘർഷം മൂലം യാത്രാ സൗകര്യമില്ലാതെ ബഹ്റൈനിൽ അകപ്പെട്ട സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമായാണ് ബഹ്റൈൻ കേരളീയ സമാജം ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയതെന്ന് സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. മേഖലയിൽ പ്രശ്നം തുടങ്ങിയ ശേഷം 8 ദിവസത്തോളം ഒരു വിമാനവും ചാർട്ടർ ചെയ്യാനോ ഇത്തരത്തിൽ പ്രതിസന്ധിയിലകപ്പെടുന്നവരെ ചേർത്തു നിർത്താനോ പലരും മുന്നോട്ട് വന്നിരുന്നില്ല. അത്തരമൊരു സങ്കീർണ സാഹചര്യത്തിലാണ് സാമൂഹിക പ്രതിബദ്ധത‍യുടെ ഭാഗമായും ബഹ്‌റൈൻ മലയാളികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചും കേരളീയ സമാജം ഈ ഉദ്യമത്തിനിറങ്ങിയത് എന്നും പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. നിരവധി പേരാണ് യാത്രാ സൗകര്യം ആവശ്യപ്പെട്ട് സമാജത്തെ സമീപിക്കുന്നത്. ഇന്ത്യയിലേക്ക് പോകേണ്ട രോഗികളടക്കമുള്ള അത്യാവശ്യക്കാർ ഇപ്പോഴും ഇവിടെയുണ്ട്. എയർലൈൻ കമ്പനികൾ നേരിട്ട് സർവീസ് നടത്താത്ത സാഹചര്യത്തിൽ സമാജം സജ്ജമാക്കുന്ന ചാർട്ടർ വിമാനങ്ങളാണ് ഇത്തരക്കാർക്ക് ആശ്വാസമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും രോഗികളും സമാജം ഏർപ്പെടുത്തുന്ന വിമാനങ്ങളിൽ യാത്ര ചെയ്യാൻ കൂടുതൽ താൽപര്യപെടുന്നുണ്ട്. കൊറോണ കാലത്ത് സമാജം നടത്തിയ വിമാന സർവീസുമായി ബന്ധപ്പെട്ടു നേടിയ വിശ്വസ്തതയാണ് സമാജത്തെ യാത്രക്കാർക്കിടയിൽ ജനകീയമാക്കിയത്.

യാത്രക്കാരുടെ രേഖകൾ സ്വീകരിക്കാനും അവരെ സുരക്ഷിതമായി യാത്രയാക്കാനും രാവും പകലുമായി സമാജം വാളന്‍റിയർമാർ പ്രവർത്തിക്കുകയാണ്. യാത്രക്കാരിൽ നിന്ന് അമിത പണം ഈടാക്കുന്നു എന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ നിന്ന് പ്രചരിക്കുന്ന വാർത്തകൾ തീർത്തും വാസ്തവവിരുദ്ധവും ദുരുദ്ദേശപരവുമാണ്. ഇത്തരം വ്യാജ പ്രചരണങ്ങളെ ഞങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. ജോലി നഷ്ടപ്പെട്ടവരെയും, സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരെയും സൗജന്യ നിരക്കിൽ ഞങ്ങൾ നാട്ടിലയച്ചിട്ടുണ്ട്. സമാജത്തെക്കാൾ കുറഞ്ഞ തുകയിൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്തു സേവനം ചെയ്യാൻ മുന്നോട്ടുവരുന്ന വ്യക്തികളെയും സംഘടനകളെയും സമാജം സർവാത്മനാ പിന്തുണക്കുന്നുമെന്നും സമാജം ഭരണസമിതിക്ക് വേണ്ടി പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.

 

Tags:    
News Summary - We do not take false propaganda at face value

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.