തൊഴിൽ തേടി വിസിറ്റ് വിസയിൽ വരുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കുക

മനാമ: ഏജന്റുമാരുടെ മോഹന വാഗ്ദാനങ്ങളിൽ കുടങ്ങി സന്ദർശക വിസയിൽ വന്ന് പ്രയാസത്തിലാകുന്നവരുടെ എണ്ണം വർധിക്കുന്നു. മികച്ച ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കമീഷൻ വാങ്ങി ഏജന്റുമാർ ബഹ്റൈനിൽ എത്തിക്കുന്നവരിൽ ഭൂരിഭാഗവും ​തൊഴിൽ ലഭിക്കാതെ കടുത്ത ബുദ്ധിമുട്ടിലൂടെയും മാനസിക പ്രയാസത്തിലൂടെയുമാണ് കടന്നുപോകുന്നത്. നാട്ടിൽ ഒന്നര ലക്ഷവും രണ്ട് ലക്ഷവുമൊക്കെ ഏജന്റിന് നൽകിയാണ് പലരും ഇവിടേക്ക് വരുന്നത്. തങ്ങൾക്ക് ലഭിച്ചത് വിസിറ്റ് വിസയാണെന്ന് തിരിച്ചറിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. വിസിറ്റ് വിസയാണെന്നറിഞ്ഞിട്ടും ഭാഗ്യം പരീക്ഷിക്കാമെന്ന ചിന്തയിൽ വരുന്നവരുമുണ്ട്.

ജോലി അന്വേഷിച്ച് സ്ഥാപനങ്ങളിൽ എത്തുന്ന മലയാളികളുടെ എണ്ണം ഏറിവരികയാണെന്ന് സാമൂഹിക പ്രവർത്തകനായ സമീർ കാപിറ്റൽ പറഞ്ഞു. ഒരു സ്ഥാപനത്തിൽത്തന്നെ ദിവസവും പത്തോളം പേരെങ്കിലും ജോലി തേടി എത്താറുണ്ട്. വിസിറ്റ് വിസയിൽ വന്നവരാണ് ഇവരൊക്കെ. മറ്റൊരാളുടെ വിസ എഡിറ്റ് ചെയ്ത് നാട്ടിലേക്കയച്ചുകൊടുത്ത കബളിപ്പിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് സമീർ പറഞ്ഞു. ഇത്തരം തട്ടിപ്പുകൾക്കെതിരെ തൊഴിലന്വേഷകർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വിസിറ്റ് വിസയിൽ വന്ന് ജോലി കണ്ടെത്തുക എന്നത് പ്രയാസകരമായ സാഹചര്യമാണ് ഇപ്പോൾ ബഹ്റൈനിൽ. ഇങ്ങനെ വരുന്നവരിൽ 15-20 ശതമാനം പേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. മറ്റുള്ളവരൊക്കെ ദുരിതങ്ങൾക്കൊടുവിൽ തിരിച്ചുപോകേണ്ടി വരുന്നു. ഒരു വർഷത്തെ വിസിറ്റ് വിസയിൽ വരുന്നവർ മൂന്ന് മാസം കൂടുമ്പോൾ ബഹ്റൈന് പുറത്തുപോയി വരണമെന്ന് വ്യവസ്ഥയുണ്ട്. മുമ്പ് സൗദി കോസ് വേ വഴി ബഹ്റൈന് പുറത്ത് പോവുകയും തിരിച്ചുവരികയും ചെയ്ത്കുറഞ്ഞ ചെലവിൽ വിസ പുതുക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ അത് അത്ര എളുപ്പമല്ല. പകരം, ദുബൈയിൽ കൊണ്ടുപോയി തിരിച്ചെത്തിക്കുകയാണ് ഏജന്റുമാർ ചെയ്യുന്നത്. വിമാന യാത്രയായതിനാൽ ഇതിന് ചെലവ് കൂടും.

ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ പരിശോധന ശക്തമാക്കിയതും വിസിറ്റ് വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. അനധികൃതമായി ജോലി ചെയ്താൽ പിഴയും നാടുകടത്തലും നേരിടേണ്ടി വരും. വിസിറ്റ് വിസയിൽ വരുന്നതിന് മുമ്പ് ബഹ്റൈനിലുള്ള ആരോടെങ്കിലും അന്വേഷിച്ച് സാഹചര്യങ്ങൾ മനസിലാക്കണമെന്ന് സമീർ കാപിറ്റൽ ചൂണ്ടിക്കാട്ടി. ഏജന്റി​​െന്റ വാക്ക് മാത്രം കേട്ട് വന്നാൽ കടുത്ത ദുരിതമായിരിക്കും നേരിടേണ്ടി വരിക.

Tags:    
News Summary - Visiting visa for seeking employment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.