വെയിലും മഴയും
വെയിലുപോലെ
കർക്കശക്കാരനായ
ഒരു കണക്കു മാഷല്ല
സംഗീതം പഠിപ്പിക്കാൻ
പുതുതായെത്തിയ
മഴ ടീച്ചർ!
വേനലവധിയും കഴിഞ്ഞ്
സ്കൂൾതുറന്ന
ആദ്യവാരത്തിൽ തന്നെ
വെയിൽ മാഷ്
സൂര്യനോട്ടം കൊണ്ട്
ക്ലാസ് മുറിയൊരു മരുഭൂമിയാക്കി.
പാടെ കുഞ്ഞുങ്ങൾ മടുപ്പിന്റെ
മുരടിപ്പിൽ കള്ളിമുൾച്ചെടി
പരുവത്തിൽ വെയിലുകാഞ്ഞു.
മുഴങ്ങിയ
ഉച്ച മണിത്താളത്തിൽ
തട്ടിയും മുട്ടിയും
ലഞ്ച് ബോക്സിൽനിന്നു
പുറത്തുചാടിയ
സുഗന്ധഭൂതങ്ങൾക്ക്
മരുഭൂമിയിൽ പ്രത്യേകിച്ച്
ഒരു വികാരവും വരുത്താൻ കഴിഞ്ഞില്ല.
ഗ്രൗണ്ടിൽ സാറ്റുകളിക്കിടെ
സ്റ്റാഫ്റൂം വരാന്തയിൽനിന്ന്
വെയിലിന്റെ രൂക്ഷനോട്ടം
കുഞ്ഞുങ്ങളെ ക്ലാസിലേക്കോടിച്ചു കയറ്റി.
വെയിലിന് മഴയേയും
മഴക്ക് വെയിലിനേയും
കണ്ണെടുത്താ കണ്ടു കൂടാ...
വരാന്തയിൽ പോയിട്ട്
സ്റ്റാഫ് റൂമിൽപോലും
ഒരുമിച്ചവരെ കാണാറില്ല
നിലപാടില്ലാത്തവളെന്ന
പുച്ഛമേ വെയിൽ മാഷിന്
മഴ ടീച്ചറോടുള്ളൂ.
ലോകത്തിന്റെ സ്പന്ദനം
തന്നെ കണക്കിലാണെടോയെന്ന്
വെയിൽ മാഷ്.
അവന്റെയൊരു ഒലക്കേലെ സ്പന്ദനം
എന്ന ലൈനാണ് മഴ ടീച്ചർ.
മഴ ക്ലാസിലേക്ക് വരുമ്പോൾ
മരുഭൂമി കുളിരണിയും.
മുരടിപ്പിൽനിന്ന് കുഞ്ഞുങ്ങൾ
വീണ്ടും തളിർക്കും.
വെയിൽ പൊള്ളിച്ചയിടങ്ങളിൽ
മഴസ്പർശത്താൽ തഴുകും.
സംഗീതത്താൽ മഴനിറഞ്ഞു പെയ്യും.
കുഞ്ഞുങ്ങൾ നാലു മണി ബെല്ലിന്റെ
താളത്തിൽ
ജനഗണമന തീരുംമുമ്പേ
മതിലുചാടി
മഴനനഞ്ഞ്
ചളി ചവിട്ടി
വയൽ വരമ്പിലൂടെ വീട്ടിലേക്കോടും.
മഴ തിമിർത്ത് പെയ്യുന്നുണ്ട്.
ബസിന്റെ സൈഡ് ഗ്ലാസ് മെല്ലേ തുറന്നു.
വെയിലും മഴയും.
വെള്ളാരം കുന്നിൽ
വെള്ളക്കുറുക്കന്റെ കല്യാണം
സ്കൂൾ ഓർത്തു പോയി.
വെയിൽ മനഃപാഠം
പഠിപ്പിച്ച സൂത്രവാക്യങ്ങളും
മഴ ആസ്വദിപ്പിച്ച
അനുഭവങ്ങളും ജീവിതയാത്രയിൽ കൂടെ കൂടി.
ഞാനിപ്പോഴും യാത്രയിലാണ്
മഴചോരാതെ പെയ്യുന്നുണ്ട്
ഒമ്പതാം വളവെത്തുമ്പോൾ
ഒന്നിറങ്ങണം.
തിരിച്ചു കയറുമ്പോൾ
മഴ നനയാതിരിക്കാൻ
ഒരു ജാക്കറ്റ് കൂടി കൈയിൽ കരുതേണ്ടതുണ്ട്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.