ഇറാൻ ഭീകരാക്രമണങ്ങളെ അനുകൂലിച്ച് പോസ്റ്റിട്ടു: പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി

മനാമ: ബഹ്‌റൈനെതിരെ ഇറാൻ നടത്തിയ ഭീകരാക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും പ്രകീർത്തിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് അഞ്ച് വർഷം തടവും 2000 ദിനാർ പിഴയും വിധിച്ച് ഹൈ ക്രിമിനൽ കോടതി. കേസിൽ പിടിച്ചെടുത്ത ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

രാജ്യത്തിന് നേരെ നടന്ന ആക്രമണങ്ങളെ അനുകൂലിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും വീഡിയോകളും കമന്റുകളും അടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആൻ്റി അഴിമതി ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ സൈബർ ക്രൈം വിഭാഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞതും അറസ്റ്റ് രേഖപ്പെടുത്തിയതും.

പ്രതിയെ ചോദ്യം ചെയ്തതിനും സാക്ഷിമൊഴികൾ രേഖപ്പെടുത്തിയതിനും ശേഷം ഡിജിറ്റൽ ഉപകരണങ്ങൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കേസ് ഹൈ ക്രിമിനൽ കോടതിയിലേക്ക് മാറ്റിയത്. നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയ ഉപയോഗം രാജ്യത്തിന്റെ സുരക്ഷയെയോ സ്ഥിരതയെയോ ബാധിക്കുന്ന രീതിയിലാകരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ദേശീയ സുരക്ഷയും സാമൂഹിക സമാധാനവും സംരക്ഷിക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Bahrain court sentences man to 5 years in prison and fine for posting in support of terrorist attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.