റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ സ്കൂൾ വിദ്യാർകൾ അവാർഡുകളുമായി
റെക്കോർഡ് നേട്ടങ്ങളുടെ തിളക്കവുമായി ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ വിദ്യാർഥികൾ
മനാമ: ഇന്ത്യൻ സ്‌കൂളിന്റെ ഇരു കാമ്പസുകളിലെയും വിദ്യാർഥികൾക്ക് റെക്കോർഡ് നേട്ടങ്ങളുടെ തിളക്കം. വിവിധ മേഖലകളിലെ കഴിവുകളും നിശ്ചയദാർഢ്യവും പ്രകടമാക്കി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026'-ൽ ഇടംനേടിയ നാല് വിദ്യാർത്ഥികളുടെ നേട്ടങ്ങളാണ് ഇന്ത്യൻ സ്‌കൂളിന് അഭിമാനമായത്.
ഇതിൽ ശ്രദ്ധേയമായ ഒരു നേട്ടം പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ധനശ്യാം ശ്യാമിന്റേതാണ്. പതിനേഴാം വയസ്സിൽ ബി.ഡബ്ല്യു.എഫ്. വേൾഡ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അമ്പയറായി സേവനമനുഷ്ഠിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിലാണ് ധനശ്യാം 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സി'ൽ ഇടംപിടിച്ചത്. ബഹ്‌റൈനിൽ നടന്ന ബി.ഡബ്ല്യു.എഫ്. പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ് 2026-ൽ നിയന്ത്രിച്ച ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ബാഡ്മിന്റൺ ഒഫീഷ്യലുകളിൽ ഒരാളായിരുന്നു ഈ മിടുക്കൻ. 2026 ഫെബ്രുവരി 8 മുതൽ 14 വരെ ബഹ്‌റൈനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അമ്പയറായി പ്രവർത്തിക്കാൻ ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്‌ക്വോഷ് ഫെഡറേഷൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.
അസാധാരണമായ ഓർമ്മശക്തി, അറിവ്, സർഗ്ഗാത്മകത എന്നിവയിലൂടെ റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച മൂന്ന് കൊച്ചു വിദ്യാർഥികളുടെ നേട്ടങ്ങളാണ് ജൂനിയർ കാമ്പസിന് അഭിമാനം പകർന്നത്. ഒന്നാം ക്ലാസ് വിദ്യാർഥിനി ഇനാം മാലിക്, ലോക ഭൂപടത്തിൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളെ അവയുടെ ദേശീയ പതാകകൾ നോക്കി തിരിച്ചറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തതിലൂടെ 'ഐ.ബി.ആർ. അച്ചീവർ' അംഗീകാരം നേടി.
ലാപ്‌ടോപ്പ് സ്‌ക്രീനിൽ കാണുന്ന പതാകകളുടെ ചിത്രങ്ങൾ നോക്കി, 1 മിനിറ്റ് 31 സെക്കൻഡ് 62 മില്ലിസെക്കൻഡിനുള്ളിൽ 60 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയുകയും അവയുടെ പേരുകൾ പറയുകയും ചെയ്തതിലൂടെ യു.കെ.ജി വിദ്യാർഥിയായ മുഹമ്മദ് എൻ 'ഐ.ബി.ആർ. അച്ചീവർ' അംഗീകാരം നേടി. മൂന്നാം ക്ലാസ് വിദ്യാർഥിനി ഫെല്ല മെഹക് മികച്ച സർഗ്ഗാത്മകതയും സഹജമായ കഴിവും പ്രകടിപ്പിച്ചതിന് 'ഗ്രാൻഡ് മാസ്റ്റർ' പദവി സ്വന്തമാക്കി. തനിക്ക് നൽകിയ വിവിധ വാക്കുകൾ ഉപയോഗിച്ച്, മൂന്നോ നാലോ വരികൾ വീതമുള്ള 25 ചെറിയ ഇംഗ്ലീഷ് കവിതകൾ അവൾ തൽക്ഷണം രചിച്ച് ആലപിച്ചു.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ട്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ വിദ്യാർഥികളുടെ മികച്ച നേട്ടങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.