കൃഷിയുടെ മനസറിഞ്ഞ് വര്‍ഗീസ്

മനാമ: പ്രവാസലോകത്താണെങ്കിലും ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിലും അവധി ദിനങ്ങളിലും കൃഷിയിലാണ് മൂവാറ്റുപുഴ സ്വദേശി പി. വര്‍ഗീസ് ആനന്ദം കണ്ടത്തെുന്നത്. ബഹ്റൈനിലെ അല്‍ ബുര്‍ഹമ പ്രദേശത്തുള്ള ബേക്കറി ഫാക്ടറിയില്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന വര്‍ഗീസ് ജോലിസ്ഥലത്തിന് സമീപമാണ് കൃഷി നടത്തുന്നത്. ഇവിടെ 175ഓളം വിളകള്‍ ഇയാള്‍ പരിപാലിക്കുന്നുണ്ട്. പച്ചക്കറിക്ക് പുറമെ, ഞാവല്‍, അത്തിപ്പഴം, ഒലിവ്, സപ്പോട്ട, കരിമ്പ് തുടങ്ങിയവയും ഇവിടെയുണ്ട്.  മല്ലി, കടുക്, മുളക് തുടങ്ങിയവയും ഈ കൂട്ടത്തിലുണ്ട്. എട്ടുവര്‍ഷത്തോളമായി കൃഷിയില്‍ സജീവമായ വര്‍ഗീസ് ഈ കമ്പനിയില്‍ ചേര്‍ന്നിട്ട് 24 വര്‍ഷമായി. കൃഷിയിടത്തില്‍ തന്നോടൊപ്പം ജോലി ചെയ്യുന്നവരും ചേരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണി, ഷഫീക്ക്, കുരുവിള, ഫൈസല്‍ എന്നിവരാണ് പ്രധാന സഹായികള്‍.
കൃഷിക്കാവശ്യമായ മണ്ണ് സൗദിയില്‍നിന്നും വരുത്തുകയാണ് ചെയ്യുന്നത്. വളവും മറ്റും സ്വന്തമായി ഉണ്ടാക്കും. ഒരു രാസവളവും ചേര്‍ക്കാറില്ല. ചാണകവും ചാരവും കുമ്മായവും ആണ് ഉപയോഗിക്കുന്നത്. തന്‍െറ തോട്ടം കാണാന്‍ കുടുംബത്തോടൊപ്പം നിരവധിയാളുകള്‍ വരാറുണ്ടെന്ന് വര്‍ഗീസ് പറഞ്ഞു.
വരുന്നവര്‍ക്കെല്ലാം കൈ നിറയെ പച്ചക്കറികളും നല്‍കാറുണ്ട്. സ്കൂളുകളില്‍ നിന്നും കുട്ടികള്‍ എത്താറുണ്ട്. അവര്‍ക്ക് കൃഷിയുടെ ബാലപാഠങ്ങള്‍ പറഞ്ഞ് കൊടുക്കാറുണ്ട്. രാസവളവും കീടനാശിനിയും ഉപയോഗിച്ചുള്ള കൃഷിരീതി ഉണ്ടാക്കുന്ന അപകടങ്ങളെപ്പറ്റി ബോധവത്കരണം നടത്താനും വര്‍ഗീസ് ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 90 കിലോ വഴുതന, 15 കിലോ മുരിങ്ങ, 25 കിലോ ചീര തുടങ്ങിയവ വിളവ് എടുത്തിരുന്നു.
കൃഷി വര്‍ഗീസിന് പുതിയ ലോകമല്ല. നാട്ടില്‍ റബര്‍ ബോര്‍ഡ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ്, നെല്ലുല്‍പാദന വികസന സംരക്ഷണസമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.  
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇദ്ദേഹം ഓരോ മൂന്ന് മാസം കൂടുമ്പോഴും രക്തദാനം നടത്താറുണ്ട്. രക്തദാനകൂട്ടായ്മ നാട്ടിലും ഇവിടെയും ഉണ്ടാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ കൃഷിയിടത്തിലിറങ്ങുന്ന ഇയാള്‍ ജോലിസമയം കഴിഞ്ഞാലും തോട്ടത്തിലേക്ക് മടങ്ങാറാണ് പതിവ്.ഭാര്യയും ഇളയ മകനും നാട്ടിലാണ്.
മൂത്ത മകന്‍ ഇവിടെ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നു. വരുന്ന വര്‍ഷം നാട്ടിലത്തെി മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്നവരെ സംഘടിപ്പിച്ച് ‘ഗ്രീന്‍ കേരള’ എന്ന പദ്ധതി തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.  
വിത്ത് മുതല്‍ വിളവ് വരെയുള്ള കാര്യങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു പദ്ധതിയാണ് മനസിലുള്ളതെന്ന് വര്‍ഗീസ് വ്യക്തമാക്കി.

Tags:    
News Summary - varghees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.