യോഗത്തിൽ സംസാരിക്കുന്ന ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈയി
ഹൂതി ആക്രമണങ്ങൾ; യു.എൻ സുരക്ഷ കൗൺസിലിൽ പ്രതിഷേധമറിയിച്ച് ബഹ്‌റൈൻ
മനാമ / ന്യൂയോർക്ക്: പ്രാദേശിക സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഹൂതികളുടെ ഭീഷണികളും നുഴഞ്ഞുകയറ്റങ്ങളും ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നു. ബഹ്‌റൈൻ, ഫ്രാൻസ്, യുകെ, ലാത്വിയ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ അഭ്യർത്ഥനപ്രകാരം ചേർന്ന യോഗത്തിൽ സൗദി അറേബ്യയും യമനും പങ്കെടുത്തു. ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈയി സമ്മേളനത്തിൽ സംസാരിക്കുകയും, വെടിനിർത്തൽ ലംഘിച്ച് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുകയും ചെയ്തു.
അൽ മോച്ച, യെമന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ, ചെങ്കടലിലെ പെരിം (മയൂൺ), ഹനീഷ്, സുഖർ എന്നീ ദ്വീപുകൾ ഹൂതികൾ പിടിച്ചെടുത്തത് ബാബ് അൽ-മന്ദബ് കടലിടുക്കിലെയും ചെങ്കടലിലെയും അന്താരാഷ്ട്ര നാവിക ഗതാഗതത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്നതായും ജനങ്ങൾക്ക് വലിയ ദുരിതം വിതയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിസാൻ മേഖലയിലെ അൽ തുവൽ, ഖമീസ് മുഷൈത്, അബഹ, തായിഫ് തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും പള്ളികൾക്ക് നേരെയും ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ബഹ്‌റൈൻ അപലപിക്കുകയും, പ്രതിരോധ നടപടികൾക്ക് സൗദി അറേബ്യയ്ക്കും ഔദ്യോഗിക യെമൻ ഭരണകൂടത്തിനും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, യുഎൻ ജീവനക്കാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഹൂതികൾ നിയമവിരുദ്ധമായി തടഞ്ഞുവെക്കുന്നതിൽ അദ്ദേഹം പ്രതിഷേധമറിയിച്ചു.
ഹൂതികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം കൂടുതൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും, വിലക്കുകൾ മറികടന്ന് ആയുധങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ആയുധ ഉപരോധം കർശനമായി നടപ്പിലാക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു. യെമനിൽ സമഗ്രവും ശാശ്വതവുമായ രാഷ്ട്രീയ പരിഹാരം കൊണ്ടുവരാനുള്ള യുഎൻ ശ്രമങ്ങൾക്ക് ബഹ്‌റൈൻ പിന്തുണ തുടരുമെന്ന് അൽ റുവൈയി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.