നീൽഗ്രീവ്
‘മെലോഡിയസ് മ്യൂസിക' ഇന്ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2026ന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള യുവ വീണാ പ്രതിഭ നീൽഗ്രീവിന്റെ ‘മെലോഡിയസ് മ്യൂസിക' വീണാ വാദ്യവൃന്ദം ഇന്ന് വൈകിട്ട് 7 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ അരങ്ങേറും. വീണയുടെ മാസ്മരിക നാദത്തിലൂടെ കർണാടക സംഗീതത്തിന്റെയും വിവിധ ഇന്ത്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെയും മനോഹരമായ സംഗീതാനുഭവം സമ്മാനിക്കുന്ന പ്രത്യേക പരിപാടിയായിരിക്കും ‘മെലോഡിയസ് മ്യൂസിക'
പത്താം ക്ലാസ് വിദ്യാർത്ഥിയായ നീൽഗ്രീവ് ചെറുപ്പം മുതൽ സംഗീതരംഗത്ത് ശ്രദ്ധേയമായ കഴിവ് പ്രകടിപ്പിച്ചുവരുന്ന യുവപ്രതിഭയാണ്. സംഗീതജ്ഞനായ പിതാവ് സുധീറിൽ നിന്ന് സംഗീതപഠനം ആരംഭിച്ച അദ്ദേഹം പിന്നീട് പ്രശസ്ത വീണ വിദ്വാൻ എ. അനന്തപദ്മനാഭന്റെ ശിക്ഷണത്തിൽ വീണ അഭ്യസിച്ചു. ഒൻപതാം വയസ്സിൽ മുത്തശ്ശിയുടെ വീണയോട് തോന്നിയ താൽപര്യമാണ് പിന്നീട് ഗൗരവമായ വീണാ പഠനത്തിലേക്ക് വഴിതെളിച്ചത്.
സ്കൂൾതലത്തിൽ ലളിതസംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും സംസ്ഥാനതലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള നീൽഗ്രീവ്, കുറഞ്ഞ പ്രായത്തിൽ തന്നെ വീണയിൽ ശ്രദ്ധേയമായ പ്രാവീണ്യം കൈവരിച്ചിട്ടുണ്ട്. പ്രമുഖ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും മുന്നിൽ സംഗീതാവതരണത്തിന് അവസരം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം കഠിനമായ സംഗീതപരിശീലനവും തുടരുന്ന നീൽഗ്രീവ് കേരളത്തിലെ കൊടകര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. സംഗീതപ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ‘മെലോഡിയസ് മ്യൂസിക' സംഗീതസന്ധ്യയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.