ഐഡിയാസ് അറേബ്യ ഇന്റർനാഷനൽ അവാർഡ് സ്വീകരിക്കുന്ന ബഹ്റൈന്റെ റോയൽ
ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ
മനാമ: ഐഡിയാസ് അറേബ്യ ഇന്റർനാഷനൽ അവാർഡിന്റെ പതിനേഴാം പതിപ്പിൽ രണ്ട് മികച്ച അവാർഡുകൾ കരസ്ഥമാക്കി ബഹ്റൈന്റെ റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്). ലോകമെമ്പാടുമുള്ള പ്രമുഖ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്നുള്ള 300 പ്രതിനിധികളെ ഉൾപ്പെടുത്തി ദുബൈയിൽ ക്വാളിറ്റി ഗ്രൂപ് സംഘടിപ്പിച്ച ചടങ്ങിൽവെച്ചായിരുന്നു ബഹ്റൈൻ അവാർഡ് സ്വീകരിച്ചത്.
അൽ ഫാരെസ് ഇൻസുലിൻ പമ്പുകളുടെ പദ്ധതിക്ക് മികച്ച ആശയം നൽകിയതിന് ഒരു അവാർഡും ഖൈർ അൽ ബഹ്റൈൻ പദ്ധതിക്ക് ചാരിറ്റബ്ൾ ഇനിഷ്യേറ്റിവ് മറ്റൊരു അവാർഡുമാണ് ആർ.എച്ച്.എഫ് സ്വന്തമാക്കിയത്. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ദുബൈ ക്വാളിറ്റി ഗ്രൂപ്പിന്റെ ഓണററി പ്രസിഡന്റുമായ ശൈഖ് അഹ്മദ് ബിൻ സയീദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. ഫൗണ്ടേഷൻ സെക്രട്ടറി ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ ആർ.എച്ച്.എഫിനെ പ്രതിനിധാനം ചെയ്ത് അവാർഡുകൾ ഏറ്റുവാങ്ങി.
ബഹ്റൈന്റെ സാമ്പത്തിക കാഴ്ചപ്പാടായ മിഷൻ 2030ന്റെ നേട്ടങ്ങൾക്കായി ഗുണഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും മാനുഷിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും ആർ.എച്ച്.എഫ് നൽകുന്ന മികച്ച പ്രതിബദ്ധതയുടെ ഫലമാണ് അവാർഡ് നേട്ടമെന്ന് ആർ.എച്ച്.എഫ് സെക്രട്ടറി പറഞ്ഞു. മികച്ച ആരോഗ്യ സംരക്ഷണത്തിനായി ടൈപ് 1 പ്രമേഹമുള്ള കുട്ടികൾക്ക് 18 വയസ്സ് വരെ ഇൻസുലിൻ പമ്പുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2024ൽ 278 കുട്ടികൾക്ക് പദ്ധതി വഴി പ്രയോജനം ലഭിച്ചിട്ടുണ്ട്. ആർ.എച്ച്.എഫിന്റെ സംരക്ഷണത്തിലുള്ള കുട്ടികൾക്കും അമ്മമാർക്കുമിടയിൽ അവരുടെ സർഗാത്മകതയും കഴിവും പരിപോശിപ്പിക്കാനായുള്ള പദ്ധതിയാണ് നേതാജ് ഖൈർ അൽ ബഹ്റൈൻ. ഇത് സ്ത്രീകളിൽ സ്വയം പര്യാപ്തതക്കുള്ള മാർഗമായി വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.