‘കാരുണ്യത്തിന്‍റെ അധികപ്പെയ്ത്തും ചോർന്നൊഴിയുന്നു’

മനാമ: നിലയ്ക്കാത്ത സ്നേഹതണലുകൾ എന്നൊന്നില്ല. ചില തണലുകൾ കാലാന്തരപ്പെടും, കൊഴിഞ്ഞു പോകും, ഓർമകൾ മാത്രമാകും. നിറഞ്ഞൊഴുകിയ സ്നേഹത്തണലും കാരുണ്യത്തിന്‍റെ അധികപ്പെഴ്ത്തും ബഹ്റൈനിലെ പ്രവാസികളോട് യാത്ര പറയുകയാണ്. അതെ, അവരുടെ പ്രിയപ്പെട്ട ഡോക്ടർ വിടപറഞ്ഞു. നാലരപ്പതിറ്റാണ്ടുകാലം ബഹ്റൈനിലെ ആതുരസേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു ഡോ. പി.വർഗീസ് ചെറിയാൻ എന്ന പി.വി ചെറിയാൻ. സാധാരണക്കാരായ പ്രവാസികൾക്ക് അദ്ദേഹം വെറുമൊരു ഡോക്ടറായിരുന്നില്ല, ഏതു പ്രതിസന്ധിയിലും ആശ്രയിക്കാവുന്ന വലിയൊരു പരിഹാരമായിരുന്നു. ആരെയും ആകർഷിക്കുന്ന പ്രസന്നമായ പെരുമാറ്റവും, വിഷയങ്ങളെ അനായാസം വിശദീകരിക്കുന്ന ശൈലിയും അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. ദീർഘകാലം സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ കർമ്മനിരതനായിരുന്ന അദ്ദേഹം, ബഹ്റൈൻ മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ മെഡിക്കൽ സംഘത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ഡോ. പി.വി ചെറിയാൻ കുടുംബത്തോടൊപ്പം (പഴയകാല ചിത്രം), 2012ൽ ഫോർമുല വൺ മത്സരത്തിനിടെ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫക്കൊപ്പം

പ്രവാസികൾക്ക് ഒരു അത്യാഹിതം സംഭവിച്ചാൽ സാമൂഹിക പ്രവർത്തകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേര് ഡോ. പി.വി. ചെറിയാൻ എന്നായിരുന്നു. ആ ഉറച്ച വിശ്വാസത്തിന് പിന്നിൽ അദ്ദേഹത്തിന്‍റെ നിസ്വാർത്ഥമായ സേവനമനോഭാവമുണ്ടായിരുന്നു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും സമൂഹത്തോടുള്ള പ്രതിബദ്ധത അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. ‘ഗൾഫ് മാധ്യമ’വുമായി ദീർഘകാലത്തെ ആത്മബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പത്രത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളിലും സാമൂഹിക ഇടപെടലുകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പത്രത്തിലേക്ക് നിരന്തരം ലേഖനം നൽകി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു.

മികച്ച സംഘാടകൻ, അസോസിയേഷനുകളുടെ പ്രിയപ്പെട്ട ‘രക്ഷാധികാരി’

ബഹ്റൈനിലെ ഒട്ടുമിക്ക അസോസിയേഷനുകളുടെ പരിപാടിയിലും ഡോക്ടർ നിറസാന്നിധ്യമായിരുന്നു. നിരവധി ആരോഗ്യ പരിപാടികളുടെ സംഘാടകനായും രക്ഷാധികാരിയായും അദ്ദേഹം പ്രവർത്തിച്ചു. പ്രവാസി മലയാളി അസോസിയേഷനുകൾക്ക് ഏറെ പ്രയിപ്പെട്ട ഒരു ‘ഡോക്ടർ’ കൂടിയായിരുന്നു അദ്ദേഹം. ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റിയുടെ ഭരണസമിതി അംഗമായ ആദ്യ ഇന്ത്യക്കാരൻ, ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ചെയർമാൻ, ഐ.സി.ആർ.എഫ് ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ചവെച്ചു. 80-ലധികം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചും, ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുമായി ബന്ധപ്പെട്ട കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രസിഡന്റായി കാൻസർ-ജീവിതശൈലീ രോഗങ്ങൾക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും അദ്ദേഹം മാതൃകയായി.

ഇന്ത്യൻ സ്കൂളിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. 1991 മുതൽ ഒമ്പത് വർഷം ഇന്ത്യൻ സ്കൂൾ ചെയർമാനായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഫോർമുല വൺ മത്സരങ്ങളുടെ മെഡിക്കൽ കോർഡിനേറ്റർ, ഫുട്ബാൾ മത്സരങ്ങൾ, ജി.സി.സി ഉച്ചകോടികൾ തുടങ്ങിയവക്കെല്ലാം പ്രവർത്തിച്ച ഡോ. ചെറിയാൻ, ബഹ്‌റൈൻ സർക്കാരിന്റെ ഉൾപ്പെടെ വിവിധ സംഘടനകളുടെയും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം, ഇന്ത്യയുടെ യശസ്സ് ബഹ്‌റൈനിൽ ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു.

Tags:    
News Summary - Tributes to Bahraini expatriates' beloved Dr. P.V. Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.