മനാമ: 2019 ജനുവരി മുതൽ 2021 ആഗസ്റ്റ് വരെയുള്ള കാലയളവിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തിൽ ലക്ഷത്തിലധികം രോഗികളുടെ ചികിത്സ വൈകിയതായി ഓഡിറ്റ് റിപ്പോർട്ട്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ അവസ്ഥയനുസരിച്ച് ചികിത്സ തുടങ്ങേണ്ട സമയം കഴിഞ്ഞതിനുശേഷം ചികിത്സ ആരംഭിച്ച കേസുകളുടെ എണ്ണമാണിത്.
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താനും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇതനുസരിച്ച് പ്രവർത്തിക്കുന്നതിനുള്ള മുന്നൊരുക്കം ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
എമർജൻസിയിലെ ബെഡിന്റെ എണ്ണം 80ൽനിന്നും 123 ആയും രോഗനിർണയമുറി അഞ്ചിൽനിന്നും എട്ടായും വർധിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ എമർജൻസി പ്രത്യേകം വേർതിരിക്കുകയും ചെയ്തു. ദ്രുതചികിത്സ ആവശ്യമില്ലാത്തവരുടെ രോഗനിർണയം നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ട്. 123 രോഗികൾക്ക് കാത്തിരിക്കാനുള്ള സൗകര്യവും പുതിയ ഫാർമസിയും ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ ആശുപത്രി വിഭാഗം അധികൃതർ അറിയിച്ചു.
15 സ്കൂളുകളിൽ അഗ്നി പ്രതിരോധ സംവിധാനങ്ങളില്ല
മനാമ: 15 സ്കൂളുകളിൽ അഗ്നി പ്രതിരോധ സംവിധാനങ്ങളില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൂട് അറിയുന്നതിനും തീപിടിത്തം സംബന്ധിച്ച് സൂചന നൽകുന്നതിനുമുള്ള മുന്നറിയിപ്പ് ഉപകരണങ്ങളില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കെട്ടിടങ്ങളിൽ ഇത്തരം സംവിധാനങ്ങളൊരുക്കാതെ പ്രവർത്തിപ്പിക്കാനാകില്ലെന്നാണ് നിയമം. എല്ലാ സ്കൂൾ കെട്ടിടങ്ങളിലും അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നയുടൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷ വളരെ സുപ്രധാനമായാണ് കാണുന്നതെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.