മനാമ: ബഹ്റൈനിലെ സ്വകാര്യമേഖലയിൽ വേതനസംരക്ഷണപദ്ധതി (ഡബ്ല്യു.പി.എസ്) ആരംഭിച്ചശേഷം ഇതുവരെ 70,800ൽ അധികം സ്ഥാപനങ്ങൾ പങ്കുചേർന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. എം.പി. അബ്ദുൽഹക്കീം അൽ ശനായുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്. വേതന പേമെന്റുകൾ കൃത്യമായി ട്രാക്കുചെയ്യാനും നിയമലംഘനങ്ങൾ കണ്ടെത്താനും റെഗുലേറ്റർമാർക്ക് കൂടുതൽ മെച്ചപ്പെട്ട ഡാറ്റ നൽകുന്ന ഡബ്ല്യു.പി.എസിന്റെ രണ്ടാം പതിപ്പ് 2025 ഒക്ടോബർ 21ന് നിലവിൽവന്നിരുന്നു. എൽ.എം.ആർ.എ, ബഹ്റൈൻ സെൻട്രൽ ബാങ്ക് (സി.ബി.ബി), ബെനിഫിറ്റ്, ലൈസൻസുള്ള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ പതിപ്പ് വികസിപ്പിച്ചത്. ആദ്യ പതിപ്പിനെ അപേക്ഷിച്ച് പുതിയ പതിപ്പ് കൂടുതൽ സമ്പൂർണവും കൃത്യവുമായ വിവരങ്ങൾ നൽകുന്നു. കൂടാതെ, ശമ്പളവിതരണത്തിന്റെ ഫലങ്ങൾ സെക്ടറുകൾ അടിസ്ഥാനമാക്കിയും സ്ഥാപനങ്ങളുടെ വലുപ്പം അടിസ്ഥാനമാക്കിയും വേർതിരിച്ച് നൽകാൻ ഇതിന് കഴിയും.
തൊഴിൽ കരാറുകളിൽ പറഞ്ഞിട്ടുള്ള തീയതികളിലോ അല്ലെങ്കിൽ കരാറിൽ തീയതി നിഷ്കർഷിച്ചിട്ടില്ലെങ്കിൽ തൊഴിൽ നിയമം അനുശാസിക്കുന്ന തീയതികളിലോ ജീവനക്കാർക്ക് ശമ്പളം നൽകുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ് ഡബ്ല്യു.പി.എസിന്റെ പ്രവർത്തനം അളക്കുന്നത്. ശമ്പള വിതരണം ബഹ്റൈൻ സെൻട്രൽ ബാങ്കിന്റെ ലൈസൻസുള്ള മാർഗങ്ങളിലൂടെ മാത്രമേ നടത്താവൂ. ഇതിൽ ബാങ്ക് അക്കൗണ്ടുകൾ, പ്രീപെയ്ഡ് കാർഡുകൾ എന്നിവ ഉൾപ്പെടും.
നിയമലംഘനങ്ങൾ കണ്ടെത്താനും നടപടിയെടുക്കാനും കർശനമായ സംവിധാനങ്ങളാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. എൽ.എം.ആർ.എ വർക്ക് പെർമിറ്റുകൾ നൽകുന്നതിന് മുമ്പ് സ്ഥാപനങ്ങളുടെ വേതനരേഖകൾ പരിശോധിക്കും. ഡബ്ല്യു.പി.എസ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ ലഭിക്കാനുള്ള അനുമതി നിഷേധിക്കപ്പെടാം. നിയമലംഘനം കണ്ടെത്തിയാൽ ആദ്യപടിയായി മുന്നറിയിപ്പ് നൽകുകയും ഒരു മാസം വരെ തിരുത്തൽ സമയം അനുവദിക്കുകയും ചെയ്യും. തിരുത്തൽ സമയത്തിന് ശേഷം വീണ്ടും പരിശോധന നടത്തും.
ലംഘനങ്ങൾ തുടരുകയാണെങ്കിൽ, ഔദ്യോഗിക ലംഘന റിപ്പോർട്ട് തയാറാക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന, തൊഴിൽ സുരക്ഷാ ഡയറക്ടറേറ്റാണ് തുടർനടപടികൾ കൈകാര്യം ചെയ്യുന്നത്. ഇവർ ഇലക്ട്രോണിക് വേതന സംരക്ഷണ പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്ന എൽ.എം.ആർ.എ യൂനിറ്റുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.