മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആയിരുന്ന ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസ് പൊതുവെ ഒരു രാഷ്ട്രീയ ഗൂഢാലോചനയായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡനക്കേസ് ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ക്രിമിനൽ ആക്ടിവിറ്റി ആയാണ് വിലയിരുത്തപ്പെട്ടത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിന്റെ ഗൗരവവും ആദ്യനോട്ടത്തിൽ തന്നെ നിലനിൽക്കുന്ന തെളിവുകളും പരിഗണിച്ച്, രണ്ടുദിവസം വിശദമായി വാദം കേട്ട ശേഷം മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞ നടപടി ഈ കേസിന്റെ ക്രിമിനൽ സ്വഭാവത്തെയും കാഠിന്യത്തെയും അടിവരയിടുന്നു. ഇത് തുടരന്വേഷണത്തിന്റെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്.
കൃത്യമായ തെളിവുകളുള്ള ഒരു ക്രിമിനൽ കേസിനെയും തെളിവില്ലാത്ത രാഷ്ട്രീയ ആരോപണത്തെയും രണ്ടും ഒന്നാണ് എന്ന നിലയിൽ ന്യായീകരണം നടത്താൻ ചിലരെങ്കിലും മുന്നോട്ടുവരുന്നത് പൂർണമായും തെറ്റാണ്. ഈ സാഹചര്യത്തിൽ, ആരോപണവിധേയനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ് എന്നാണ് എന്റെ പക്ഷം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാവുക എന്ന ജനാധിപത്യപരമായ തത്ത്വം ഇവിടെ ഉയർത്തിപ്പിടിക്കപ്പെടണം.
ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ച നിലപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. നിയമം അതിന്റെ വഴിക്ക് പോകണം എന്ന് തിരിച്ചറിഞ്ഞ് പരാതി നേരെ ഡി.ജി.പിക്ക് ഫോർവേഡ് ചെയ്ത രീതിയും ആരോപണവിധേയനെതിരെ പാർട്ടിയിൽനിന്ന് പുറത്താക്കൽ ഉൾപ്പെടെ ഉചിതമായ നടപടി എടുത്തതും ഈ സന്ദർഭത്തിൽ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന വ്യക്തമായ നടപടിയാണ്.ഉയർന്നുവന്ന ആരോപണങ്ങൾ അത്ര ചെറുതല്ല. ഒരു പൊതുപ്രവർത്തകൻ ആയിരുന്ന വ്യക്തി എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമവ്യവസ്ഥയെ മാനിക്കേണ്ടതുണ്ട്. സ്വയം എം.എൽ.എ സ്ഥാനം രാജിവെച്ച് ഉടൻ നിയമത്തിന് മുന്നിൽ ഹാജരാകാൻ രാഹുൽ തയ്യാറാവണം.
അതേസമയം കേരള പോലീസിന് മികച്ച സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉണ്ടായിട്ടും, ഇത്രയും ദിവസമായിട്ടും ഒരു പൊതുമണ്ഡലത്തിൽ സജീവമായിരുന്ന വ്യക്തിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കഴിയാത്തത് ഗുരുതര വീഴ്ചയാണ്. ഭരണകക്ഷിക്ക് കീഴിലുള്ള ആഭ്യന്തരവകുപ്പിനും പൊലീസിനും ഇത് വലിയ നാണക്കേടാണ്.
നിയമപാലനത്തിലെ ഈ കാലതാമസം, നീതി നടപ്പാക്കുന്നതിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയോ ഒളിച്ചുകളികളോ ഉണ്ടോ എന്ന സംശയം പൊതുജനങ്ങളിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നിയമം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാക്കാനായി ഈ കേസിൽ ഉടൻ നീതിപരമായ നടപടികൾ ഉണ്ടാകേണ്ടത് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.