സെലിബ്രേറ്റ് ബഹ്റൈൻ' അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനത്തിന് ഹെറിറ്റേജ് വില്ലേജിലെത്തിയ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ഇൻഫർമേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന അഞ്ചാമത് 'സെലിബ്രേറ്റ് ബഹ്റൈൻ' ഉത്സവത്തിന് റാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ തുടക്കമായി.
ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഉത്സവം ഉദ്ഘാടനം ചെയ്തത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദീർഘവീക്ഷണത്തിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾക്കും അനുസൃതമായി രാജ്യത്തിന്റെ നേട്ടങ്ങളും ബഹ്റൈനികളുടെ പുരോഗതിക്കായുള്ള അക്ഷീണ പരിശ്രമങ്ങളും പ്രദർശിപ്പിക്കുന്നതിൽ ഇത്തരം പരിപാടികളുടെ പ്രാധാന്യം ശൈഖ് മുഹമ്മദ് ബിൻ സൽമാൻ എടുത്തുപറഞ്ഞു.
ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിൽ ദേശീയ ദിനാഘോഷങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെയും സമഗ്രമായ ഭാവിവികസനത്തെയും കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുന്നതിൽ ഈ പരിപാടികൾക്ക് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഈ വർഷത്തെ 'സെലിബ്രേറ്റ് ബഹ്റൈൻ' ഫെസ്റ്റിവൽ ഡിസംബർ നാല് മുതൽ 28 വരെ നീളും. സന്ദർശകർക്ക് കൈകൊണ്ട് തൊട്ടറിയാനുള്ള അവസരം നൽകുന്ന നൂതനമായ ഇന്ററാക്ടീവ് അനുഭവങ്ങൾക്കാണ് ഈ വർഷത്തെ പതിപ്പിൽ പ്രാധാന്യം നൽകുന്നത്. മൺപാത്ര നിർമാണം, പരമ്പരാഗത കപ്പൽ മാതൃകകളുടെ നിർമാണം, ഈന്തപ്പനയോല കൊണ്ടുള്ള നെയ്ത്ത്, ഇലകളിട്ട ചെസ്റ്റ് നിർമാണം, തുണിത്തരങ്ങൾ നെയ്യൽ എന്നിവയിൽ സന്ദർശകർക്ക് നേരിട്ടുള്ള പരിശീലനം നേടാൻ കഴിയുന്ന ശിൽപശാലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ കടകളും ഉൽപാദന കുടുംബങ്ങളും പങ്കുചേരുന്ന ഒരു പരമ്പരാഗത മാർക്കറ്റ്, കുട്ടികൾക്കായുള്ള കോർണർ, പരമ്പരാഗത ഭക്ഷണശാലകൾ എന്നിവയും ഹെറിറ്റേജ് വില്ലേജിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.