മനാമ: ബഹ്റൈന്റെ വിനോദസഞ്ചാര മേഖല 2025ൽ റെക്കോഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം മാത്രം 15 ദശലക്ഷത്തിലധികം (1.5 കോടി) സന്ദർശകർ രാജ്യത്തെത്തിയതായി ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (BTEA) അറിയിച്ചു. വിനോദം, സംസ്കാരം, കായികം എന്നീ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച ആഗോള ശ്രദ്ധയുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് അധികൃതർ പറഞ്ഞു.
വൈവിധ്യമാർന്ന പരിപാടികളാണ് ഇത്രയധികം സന്ദർശകരെ ബഹ്റൈനിലേക്ക് ആകർഷിച്ചിരുന്നത്. 2025ലെ ഏഷ്യൻ യൂത്ത് ഗെയിംസ്, എ.വി.സി മെൻസ് വോളിബാൾ നാഷൻസ് കപ്പ് തുടങ്ങിയ അന്താരാഷ്ട്ര കായിക മത്സരങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി. ലോക ടൂറിസം ദിനം, ഓട്ടം ഫെയർ തുടങ്ങിയ പരിപാടികൾ പ്രാദേശികവും അന്തർദേശീയവുമായ വിനോദസഞ്ചാരികളെ ആകർഷിച്ചു. എഡ് ഷീരൻ, മെറ്റലിക്ക, പിറ്റ്ബുൾ, ദ സ്മാഷിങ് പംപ്കിൻസ് തുടങ്ങിയ ലോകപ്രശസ്തരായ ഗായകരുടെയും ബാൻഡുകളുടെയും സംഗീത പരിപാടികൾ 2025ൽ ബഹ്റൈനെ ലോക സംഗീത ഭൂപടത്തിൽ അടയാളപ്പെടുത്തി. ടൂറിസം മേഖലയിലെ ഈ വളർച്ച ഹോസ്പിറ്റാലിറ്റി (ഹോട്ടലുകൾ), റീട്ടെയിൽ വ്യാപാരം, ഡൈനിങ്, ലോജിസ്റ്റിക്സ് എന്നീ മേഖലകൾക്ക് വലിയ ഉണർവ് നൽകി. അത്യാധുനികമായ വിമാനത്താവളം, മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങൾ, മികച്ച ഹോട്ടൽ ശൃംഖലകൾ എന്നിവ സന്ദർശകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കിയെന്നും ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി വ്യക്തമാക്കി.
സന്ദർശകരുടെ താമസദൈർഘ്യം വർധിപ്പിക്കുന്നതിനും ബഹ്റൈനെ ഒരു പ്രധാന ടൂറിസം ഹബായി നിലനിർത്തുന്നതിനും സ്വകാര്യ മേഖലയുമായുള്ള സഹകരണം തുടരുമെന്ന് ടൂറിസം ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരുംവർഷങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപവും വലിയ മേളകളും ബഹ്റൈൻ ലക്ഷ്യമിടുന്നുണ്ടെന്നും ഉടനെ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.