ആദരിക്കാം മാലാഖമാരെ; ഇന്ന് അന്താരാഷ്ട്ര നഴ്സ് ദിനം

കോവിഡ് പ്രതിസന്ധിയിൽനിന്ന് ലോകം കരകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നഴ്സ് ദിനം എത്തുന്നത്. ആധുനിക നഴ്സിങ്ങിെന്‍റ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിങ്ഗേലിെന്‍റ ജന്മദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്സ് ദിനമായി ആചരിക്കുന്നത്. നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ''നഴ്സുമാർ: നയിക്കുന്ന ശബ്ദം -നഴ്സിങ്ങിനെ വളർത്തുക, അവകാശങ്ങളെ മാനിക്കുക'' എന്നതാണ് അന്താരാഷ്ട്ര ഈ വർഷത്തെ പ്രമേയം.

കോവിഡ് മഹാമാരിയും നഴ്സിങ് സമൂഹവും

കഴിഞ്ഞ രണ്ടര വർഷമായി കോവിഡ് മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികളിലൂടെയാണ് ലോകം കടന്നുപോകുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ നഴ്സിങ് സമൂഹത്തിന്റെ പങ്ക് വിലപ്പെട്ടതാണ്. സ്വന്തം ജീവൻപോലും പണയംെവച്ച് ഈ പ്രതിസന്ധി വേളയിലെ മുന്നണിപ്പോരാളികളായി തുടരുന്ന നഴ്സുമാർ നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിെന്‍റ നട്ടെല്ല് തന്നെയാണ്.

പലപ്പോഴും 'മാലാഖ' എന്ന വാഴ്ത്തപ്പെടലുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു നഴ്സുമാരുടെ സേവനങ്ങൾ. എന്നാൽ, നഴ്സുമാർ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ വളരെ ഗൗരവമേറിയതാണ്. ദൈർഘ്യമേറിയ ജോലി സമയം, ഉയർന്ന ജോലിഭാരം, പൊതുജനങ്ങളിൽനിന്നുള്ള ആക്രമണങ്ങൾ എന്നിവ നഴ്സുമാർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ചിലതു മാത്രമാണ്. കുറഞ്ഞ വേതനവും ജോലിസ്ഥലത്തെ സുരക്ഷപ്രശ്നങ്ങളും പി.പി.ഇ കിറ്റുകളുടെ ദൗർലഭ്യവും നഴ്സുമാരുടെ ജീവിതം ദുസ്സഹമാക്കി.

നഴ്സുമാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ ഇതു ബാധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. ഏകദേശം 130 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 80 മുതൽ 90 ശതമാനം വരെ നഴ്സുമാർ മാനസിക പിരിമുറുക്കത്തിന് വിധേയരാകുന്നുണ്ടെന്നും ഏകദേശം 25 ശതമാനം നഴ്സുമാർ വിഷാദരോഗത്തിന് അടിമപ്പെടുന്നുവെന്നും കണ്ടെത്തുകയുണ്ടായി. അന്താരാഷ്ട്ര നഴ്സസ് കൗൺസിലിന്റെ കണക്കനുസരിച്ചു 34 രാജ്യങ്ങളിലായി 1.6 ദശലക്ഷം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 ബാധിച്ചിട്ടുണ്ട്.

നഴ്സിങ് മേഖല ശക്തിപ്പെടുത്തണം

ആരോഗ്യ സംവിധാനത്തിൽ നഴ്‌സുമാർ വഹിക്കുന്ന അതുല്യമായ പങ്കിനെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. നഴ്സിങ്ങിൽ നിക്ഷേപം ഇല്ലെങ്കിൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ തകരുമെന്ന് വ്യക്തമാണ്. നഴ്‌സിങ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നത് ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും മെച്ചപ്പെട്ട രോഗി പരിചരണവും ഉറപ്പാക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ 2021ലെ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി റിപ്പോർട്ട് നാല് പ്രധാന മേഖലകളിൽ ഊന്നൽ നൽകുന്നു.

1. മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ മിഡ്‌വൈഫുമാരുടെയും നഴ്സുമാരുടെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുക 2. നഴ്സുമാർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, 3. നഴ്‌സിങ്, മിഡ്‌വൈഫറി രംഗത്തെ നേതൃപാടവം ശക്തിപ്പെടുത്തുക, 4. നഴ്‌സുമാർക്ക് പിന്തുണയും പരിരക്ഷയും പ്രചോദനവും നൽകുക.

നഴ്‌സുമാർ അവരുടെ അളവറ്റ സംഭാവനകൾക്ക് അംഗീകാരത്തിനും പ്രതിഫലത്തിനും അർഹരാണ്. ആരോഗ്യമുള്ള തൊഴിലാളികളില്ലാതെ ആരോഗ്യമുള്ള ഒരു പൊതുസമൂഹം ഇല്ല. അതിനാൽ തന്നെ, നഴ്‌സിങ്ങിലെ നിക്ഷേപം ആരോഗ്യപരമായ ഒരു സമൂഹത്തിനുവേണ്ടിയുള്ള നിക്ഷേപമാണ്.

Tags:    
News Summary - Today is International Nurses Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.