ഹാഷിം അബ്ദുൽ ഖാദർ
സലാല: കാനഡയിൽ നന്ന് ഒമാനിലെത്തിയ മലയാളി മുങ്ങിമരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി ഹാഷിം അബ്ദുൽ ഖാദർ (37) ആണ് മരണപ്പെട്ടത്. സലാലയിലെ ഐൻ ജർസീസ് വാദിയിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. കാനഡയിൽ നിന്നും സൗദിലെത്തി ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളുടെ സമീപത്തേക്ക് വന്നതായിരുന്നു.
പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: പൗഷബി. ഭാര്യ: ഷരീഫ. മൂന്ന് മക്കളുണ്ട്. കാനഡയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഉംറ ചെയ്ത് മാതാപിതാക്കളെ സന്ദർശിക്കുന്നതിനാണ് സലാലയിലെത്തിയത്. സലാല ഇന്ത്യൻ സ്കൂളിൽ പഠിച്ച ഹാഷിം കാനഡയിൽ എൻജിനീറായി ജോലി ചെയ്യുകയായിരുന്നു. കനേഡിയൻ പാസ്പോർട്ടിനുടമയാണ്. ആർ.എസ്.സി കാനഡ നാഷനൽ സെക്രട്ടറിയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടിക്ക് ശേഷം സലാലയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഡോ. കെ. സനാതനൻ, നാസർ ലത്തീഫി, മഹ്മൂദ് ഹാജി, പവിത്രൻ കാരായി, ഹമീദ് ഫൈസി, സാബുഖാൻ എന്നിവർ ആശുപത്രിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.