തിരുവനന്തപുരം-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് 24 മണിക്കൂർ

മനാമ: തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച പുറ​പ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതോടെ പെരുവഴിയിലായി യാത്രക്കാർ. തിരുവനന്തപുരം-ബഹ്റൈൻ വിമാനം എത്താത്തതിനെത്തുടർന്ന് ബഹ്റൈൻ- തിരുവനന്തപുരം സർവിസും അനിശ്ചിതത്വത്തിലായി.

തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്റൈനിൽ രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സാ​ങ്കേതിക തകരാറിനെത്തുടർന്ന് 17 മണിക്കൂർ വൈകി തിങ്കളാഴ്ച രാവിലെ 10.30 ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച വിമാനത്തിൽ കയറിയതിനുശേഷം എയർ കണ്ടീഷൻ പ്രവർത്തിക്കാത്തതിനെത്തുടർന്ന് തങ്ങളെ തിരിച്ചിറക്കിയെന്ന് യാത്രക്കാർ പറഞ്ഞു. തിങ്കളാഴ്ച ഇന്ത്യൻ സമയം അഞ്ചിനുമാത്രമേ വിമാനം പുറപ്പെടൂ എന്നാണ് ഇപ്പോൾ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

ഭക്ഷണം നൽകി യാത്രക്കാരെ വിമാനത്താവളത്തിൽ തന്നെ ഇരുത്തിയിരിക്കുകയാണ്. വിമാനം വൈകിയതുകൊണ്ട് ബഹ്റൈനിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവിസും വൈകുമെന്ന് എയർ ഇന്ത്യ അധികൃതർ യാത്രക്കാരെ അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി ഒൻപതിന് പുറപ്പെടേണ്ട തിരുവനന്തപുരം സർവിസ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മാത്രമേ പുറപ്പെടുകയുള്ളു എന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ച് യാത്ര പുന:ക്രമീകരിച്ച യാത്രക്കാർ വിമാനം വീണ്ടും വൈകിയതോടെ വലിയ ദുരിതത്തിലായി.

വിമാനം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടതിനുശേഷം മാത്രമേ ഇവിടെനിന്നുള്ള സർവിസിന്‍റെ ഷെഡ്യൂൾ നൽകുകയുള്ളു. ഫലത്തിൽ 24 മണിക്കൂറാണ് വിമാന സർവീസ് വൈകിയത്. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വേറെ വിമാന സർവിസ് ഇല്ലാതിരുന്നതിനാൽ തിങ്കളാഴ്ച രാവിലെ അത്യാവശ്യമായി ബഹ്റൈനിലെത്തേണ്ടവരാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത ദുരിതത്തിലായത്. 

Tags:    
News Summary - Thiruvananthapuram-Bahrain Air India Express flight delayed by 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.