മനാമ: രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ പുരുഷ ഡോക്ടർമാരെ നിയമിക്കണമെന്ന നിർദേശവുമായി സോഷ്യൽ ചാരിറ്റി സൊസൈറ്റി ബോർഡ് അധികാരികൾ. ചില പുരുഷന്മാർക്ക് തങ്ങളുടെ രോഗാവസ്ഥകൾ വനിത ഡോക്ടർമാരുമായി പങ്കുവെക്കാൻ മടിയുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്നാണിത്.
ആലി സോഷ്യൽ ചാരിറ്റി സൊസൈറ്റി ബോർഡ് ചെയർമാൻ അഖീൽ അൽ ആലിയാണ് ഈ നിർദേശത്തിന് നേതൃത്വം നൽകുന്നത്. പുരുഷ ഡോക്ടർമാരുടെ അഭാവം ചില രോഗികളെ പരിശോധനകളിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നും രോഗ നിർണയം നേരത്തേ വേണ്ട സാഹചര്യത്തിൽ ഇത് പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാനോ വനിത ഡോക്ടർമാരുമായി ശാരീരിക പരിശോധനകൾക്ക് വിധേയരാകാനോ ബുദ്ധിമുട്ടുള്ളതുകൊണ്ട് ആരോഗ്യ കേന്ദ്രങ്ങളിൽ പോകുന്നത് ഒഴിവാക്കുന്ന നിരവധി പുരുഷന്മാരെക്കുറിച്ച് ഞങ്ങൾ കേൾക്കുന്നുണ്ട്. അനുയോജ്യമായ ആസൂത്രണത്തിലൂടെയും പുരുഷ ഡോക്ടർമാരുടെ നിയമനങ്ങളിലൂടെയും മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ എന്നും അൽ ആലി പറഞ്ഞു. നിലവിൽ ബഹ്റൈനിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം 400 ഡോക്ടർമാരിൽ 25 പേർ മാത്രമാണ് പുരുഷന്മാർ. 25 പുരുഷ ഡോക്ടർമാരെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലുമായി ഒരു ഷിഫ്റ്റിൽ ഒരാളെന്ന നിലയിൽ വിഭജിക്കണം. അല്ലെങ്കിൽ, പ്രാദേശികമായോ വിദേശത്തുനിന്നോ നിയമനം നടത്തി നികത്തണമെന്ന് ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി (ബി.എം.എസ്) ബോർഡ് ചെയർമാൻ ഡോ. ആമർ അൽ ദുറാസി അഭിപ്രായപ്പെട്ടു. നിർദേശം പാർലമെന്റിനും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡിനും ബഹ്റൈനിലെ മൂന്ന് മുനിസിപ്പൽ കൗൺസിലുകൾക്കും ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.