വായനയിലൂടെ മനുഷ്യൻ ആസ്വാദനത്തിന്റെ വിശാലമായ ലോകത്തിലേക്കാണ് എത്തപ്പെടുന്നത്. ഇന്നത്തെ മനുഷ്യനിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ വായന തീർത്തും ഒഴിവാക്കി എല്ലാറ്റിനും ചാറ്റ് ജി.പി.ടിയെയും ഗൂഗിളിനെയും ആശ്രയിക്കുകയാണ് മിക്കവരും. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ അപകടകരമാണ്. കുട്ടികളിൽ വായന അവരുടെ ഭൗതികവികാസം, സർഗാത്മകത, ഭാഷാശേഷി, സാമൂഹിക വളർച്ച എന്നിവയെ സഹായിക്കുന്നു.
ഫോണിൽ നിന്നുള്ള വെളിച്ചം ഉറക്കം വരാതിരിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ പതിവായി വായിക്കുന്നവരിൽ ഉറക്കം സുഖകരമാണ് ചിന്തകളെ രൂപപ്പെടുത്താനും അറിവ് നേടാനും വിശാലമായ ലോകത്തെപ്പറ്റി മനസ്സിലാക്കാനും വായന സഹായകമാണ്. ഇതിലൂടെ കുട്ടികളിൽ സാമൂഹിക അവബോധം ഉടലെടുക്കും. നല്ല ചിന്തകളും ഗുണപാഠങ്ങളും വളർത്തിയെടുക്കാൻ സാധിക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ, പാത്തുമ്മയുടെ ആട് എന്നിവ സഹജീവികളെ മനസ്സിലാക്കാനും അവയെ നിരീക്ഷിക്കാനും സഹജീവി സ്നേഹം ഊട്ടിയുറപ്പിക്കാനും സഹായിക്കുന്നു. ബാലസാഹിത്യമേഖലയിൽ നിരവധി സംഭാവനകൾ നൽകിയ കുഞ്ഞുണ്ണി മാഷിന്റെ കുട്ടിക്കവിതകൾ ചടുലവും കാര്യമാത്രപ്രസക്തവുമാണ്. ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണി കവിതകളിൽ ഏറെയും. അദ്ദേഹത്തിന്റെ നമ്പൂതിരി ഫലിതങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ ചിന്തിപ്പിക്കുന്നവയും രസകരവുമാണ്.
ഇത്തരത്തിലുള്ള നിരവധി പുസ്തകങ്ങളുടെ പുസ്തകമേളകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കാറുണ്ട്. അവയെ പറ്റിയുള്ള വാർത്തകൾ ഗൾഫ് മാധ്യമത്തിൽ എല്ലായ്പോഴും വരാറുണ്ട്. അത് ഉപയോഗപ്പെടുത്തി പുസ്തകങ്ങൾ കരസ്ഥമാക്കാനും കാണാനും നിങ്ങൾ ഇന്നുതന്നെ മാധ്യമത്തിന്റെ വരിക്കാരാകൂ. മലയാളസാഹിത്യത്തിലും ആംഗലേയ സാഹിത്യത്തിലുമുള്ള നിരവധി പുസ്തകങ്ങൾ പ്രവാസലോകത്തിലെ പുസ്തകമേളയിൽ പ്രദർശിപ്പിക്കപ്പെടാറുണ്ട്.
പത്രവായന നമുക്ക് സമൂഹത്തെക്കുറിച്ച് ഒരു പൊതുധാരണ ഉണ്ടാക്കുന്നു. സമകാലിക വിഷയങ്ങളെപ്പറ്റി അറിവ് നേടാൻ ഉതകുന്നു. മനുഷ്യൻ ഒരു സമൂഹജീവിയാണ്. സമൂഹത്തെക്കുറിച്ചുള്ള അബോധം അത്യാവശ്യമാണ്. കുട്ടികൾക്ക് പുതിയ വാക്കുകൾ മനസ്സിലാക്കി പദസഞ്ചയം മെച്ചപ്പെടുത്താൻ പത്രവായന സഹായിക്കുന്നു. പുതിയ വാക്കുകൾ പരിചയപ്പെടുന്നതിലൂടെ വായന അവർ ഇഷ്ടപ്പെടാൻ തുടങ്ങുന്നു.
കുട്ടികളുടെ അവധിക്കാലത്ത് പത്രം വായിപ്പിക്കുക. അതിലൂടെ അവർ അക്ഷരങ്ങളെ കൂടുതൽ അറിയട്ടെ. മുതിർന്നവർക്ക് ഇന്നത്തെ വാർത്തകൾ എന്തൊക്കെയാണ് വായിക്കൂ എന്ന് പറഞ്ഞ് കുട്ടികളെ കൊണ്ട് വായിപ്പിക്കാം. പതിയെ അവർ പത്രവായന ഒരു ശീലമാക്കും. പുതുതലമുറ ചിന്തിക്കുന്ന സമൂഹമായി മാറട്ടെ. റോബോട്ടുകളെ പോലെ അവർ മാറാതിരിക്കട്ടെ. വായന അറിവ് നൽകുന്നതിലുപരി വസ്തുതകളെ മനസ്സിലാക്കാനും അവരവരുടെ കാഴ്ചപ്പാടിലൂടെ കാണാനും ചിന്തിക്കാനും നമ്മെ പ്രാപ്തരാക്കുന്നു.
ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള വളർച്ചക്കും വികാസത്തിനും വായന വലിയ പങ്കുവഹിക്കുന്നുണ്ട്. കുട്ടികൾക്ക് അവരുടെ കുട്ടിക്കവിതകളും കഥകളും പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ പത്രാധിപർക്കായി അയച്ചുകൊടുക്കാം. നിങ്ങളുടെ വരകളും അക്ഷരങ്ങളും നാളേക്ക് മുതൽക്കൂട്ടാണ്. പ്രവാസലോകത്തിലെ ഒട്ടുമിക്ക കാര്യങ്ങളും സാമൂഹികമാറ്റങ്ങളും അറിയാൻ ഗൾഫ് മലയാളികൾ ആശ്രയിക്കുന്നത് ഗൾഫ് മാധ്യമത്തെയാണ്. ഇവിടത്തെ സാംസ്കാരിക പരിപാടികൾക്ക് പൂർണ പിന്തുണയും പ്രോത്സാഹനവുമായി മാറിയിരിക്കുന്ന മലയാളികളുടെ കൈത്താങ്ങായി ഗൾഫ് മാധ്യമത്തിന് തുടർന്നും അതിന്റെ ജൈത്രയാത്ര നടത്താൻ കഴിയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.