നീതിക്കുവേണ്ടി പൊരുതാനും ധർമത്തിനുവേണ്ടി ത്യാഗംചെയ്യാനും മാനവികത എന്ന മഹത്തായ മൂല്യത്തെ ഉണർത്താനും സന്നദ്ധതയുള്ള ഒരു മാധ്യമ സംസ്കാരം വാർത്തെടുക്കാനും ഇനിയെങ്കിലും നമുക്ക് കഴിയണം എന്നതാണ് മാധ്യമലോകത്തോട് പറയാനുള്ളത്. മടിക്കുത്തിന്റെ കനവും കോന്തലക്കെട്ടിന്റെ നീളവും നോക്കിയും ആൾബലം കൊണ്ടും ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമലോകം സഞ്ചരിക്കുമ്പോൾ നീതിയും അനീതിയും തമ്മിൽ എന്നും ഏറ്റുമുട്ടലുകൾ നിലക്കാതെ നടന്നുകൊണ്ടേയിരിക്കും. അധാർമികതയും അരാജകത്വവും അഴിമതിയും അരങ്ങുതകർക്കുമ്പോൾ തിരുത്തലുകൾക്ക് വഴി തുറക്കേണ്ടത് മാധ്യമങ്ങളുടെ ധീരമായ ഇടപെടലുകളിലൂടെയാവണം.
എന്നാൽ ജനാധിപത്യത്തിന്റെ കാവൽസ്ഥാപനമായ പത്രമാധ്യമങ്ങൾ ഇന്ന് കാര്യനിർവഹണത്തിൽ പിറകോട്ട് തിരിഞ്ഞ് മറ്റെന്തിനെയുംപോലെ പത്രനിർമാണവും വെറും മത്സരങ്ങളുടെ വൻകിട വ്യവസായ സ്ഥാപനമാക്കിക്കൊണ്ടിരിക്കുകയാണ്. ആധുനിക സമൂഹജീവിതത്തിലെ അവശ്യഘടകവും മനുഷ്യരുടെ ചിന്തയെയും മതമൂല്യങ്ങളെയും സംസ്കാരത്തെയും കാത്തുസൂക്ഷിക്കാൻ കഴിവുള്ളതുമായ മികച്ച സംവിധാനങ്ങളുള്ളതാവണം പത്രമാധ്യമങ്ങൾ. മുഖ്യധാരാ രാഷ്ട്രീയവിഷയങ്ങൾ മാത്രം ചർച്ചയാകുമ്പോൾ പ്രാധാന്യമർഹിക്കുന്ന മറ്റു പല വാർത്തകൾ അവഗണിക്കപ്പെടുന്ന പ്രവണത മാധ്യമരംഗത്ത് നാൾക്കുനാൾ വർധിക്കുകയാണ്. ഈ നില തുടരുകയാണങ്കിൽ ഇക്കാലമത്രയും നാം മുതൽ മുടക്കിയ വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും എന്തോ കാതലായ ചില കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
വർഷങ്ങളായി ഗൾഫ് രാഷ്ട്രങ്ങളിൽ ധർമത്തിന്റെ പക്ഷം ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗൾഫ്മാധ്യമം എന്ന ദിനപത്രം ജനങ്ങൾക്ക് അറിയേണ്ടുന്ന സത്യസന്ധമായ അന്വേഷണങ്ങളിലൂടെ നിരവധി വാർത്തകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതിലേറെ ഗൾഫ് നാടുകളിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ, അനാശാസ്യ പ്രവർത്തനങ്ങളുടെ ചുരുളുകൾ, പാസ്പോർട്ട് പണയപ്പെടുത്തി പലിശക്ക് കൊടുക്കൽ വാങ്ങൽ, മയക്ക് മരുന്ന് വിപണനം, ചൂതാട്ടം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അനധികൃതമായി നടത്തുന്നവർക്ക് മുന്നറിയിപ്പായി അതിലകപ്പെട്ടവരെ രക്ഷിക്കാനായതും മാധ്യമം ദിനപത്രത്തിന്റെ അവസരോചിതമായ ഇടപെടലുകൾ കാരണം സാധിച്ചിട്ടുണ്ട്.
കൂടാതെ ഗൾഫിലെ പ്രവാസി സംഘടനകൾ നടത്തിവരുന്ന മത രാഷ്ട്രീയ സംഘടനാസമ്മേളനങ്ങളുടെ കൃത്യമായ റിപ്പോർട്ടുകളും വാർത്തസമ്മേളനങ്ങളും അർഹിക്കുന്നവിധം പ്രസിദ്ധീകരിക്കുന്നതിലും ഗൾഫ് മാധ്യമം ശ്രദ്ധേയമാണ്. മത ജാതി വർണങ്ങളുടെ അതിർവരമ്പുകളിടാതെ എന്നും മാനവികതയെ ഉണർത്തുന്നതാവണം മാധ്യമ ധർമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.