മനാമ: ഈ സീസണിൽ പ്രാണികളുടെയും കൊതുകുകളുടെയും വ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം മുൻകരുതൽ ശക്തമാക്കി. ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികൾ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ ഡയറക്ടറേറ്റിലെ പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി രജ അല്‍ സലൂം പറഞ്ഞു. ആരോഗ്യ മന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
വര്‍ഷം മുഴുവന്‍ കൊതുകുകളുണ്ടാകാറുണ്ട്. എന്നാല്‍ മഴക്കുശേഷം, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈര്‍പ്പമുള്ള ഇടങ്ങളിലും കൊതുകുകള്‍ പെരുകുന്നതായാണ് കണ്ടുവരുന്നത്. കൃഷി മന്ത്രാലയത്തിന്റെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കൊതുക് പ്രജനനത്തെ ചെറുക്കാനും കൊതുകുബാധിത സ്ഥലങ്ങളിലെ പരാതികള്‍ പരിഹരിക്കാനുമായി ഫീല്‍ഡ് കാമ്പയിനുകള്‍ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.
സാമൂഹിക ബോധവത്കരണത്തിലൂടെയും വീടുകളിലും പാര്‍പ്പിട പ്രദേശങ്ങളിലും പ്രതിരോധ നടപടികളിലൂടെയും കൊതുക് പടരുന്നത് തടയാന്‍ പൗരന്മാരും താമസക്കാരും സഹകരിക്കണമെന്ന് പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി അഭ്യർഥിച്ചു. കണ്ടെയ്നറുകള്‍, ഹോം ഫൗണ്ടനുകള്‍, കാര്‍ ടയറുകള്‍, ശരിയായി അടക്കാത്ത ഓടകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന ജലം കൊതുകുകളുടെ പെരുകലിന് ഇടയാക്കും. കൊതുക് ലാര്‍വകള്‍ വികസിക്കുന്നത് തടയാന്‍ അത്തരം വെള്ളം പതിവായി നീക്കം ചെയ്യണം. കൊതുകുകളുടെയും മറ്റു പ്രാണികളുടെയും വ്യാപനം പരിമിതപ്പെടുത്തുന്നതിന് മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കേണ്ടതുണ്ട്. രോഗകാരികളായ കൊതുകുകളിൽ നിന്ന് അകന്നുനിൽക്കാൻ ഏവരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.