ചിന്തയുടെയും അറിവിന്റെയും അനന്തമായ ലോകത്തേക്ക് നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നതാണ് ഓരോ വായനയും. നാമുൾക്കൊള്ളുന്ന ഈ വിശാലമായ പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പുതിയ കാഴ്ചപ്പാടുകൾ വായന സമ്മാനിക്കുന്നു. വിജ്ഞാനത്തിന്റെ അടിസ്ഥാനമാണ് വായന. മാർക്ക് ട്വയിൻ ഒരിക്കൽ പറയുന്നുണ്ട് ‘ജീവിതം പൂർണമാവാൻ നല്ല പുസ്തകങ്ങളും നന്മയുള്ള മനസ്സും നല്ല സുഹൃത്തുക്കളും മതി’ എന്ന്. മനുഷ്യജീവിതത്തിന്റെ പൂർണത ഉണ്ടാവുന്നത് വായനയിലൂടെയാണ്. അതില്ലാത്തവരിൽ മാനുഷികഗുണങ്ങൾ പോലും വേരറ്റുപോകും. അപരനെയും തന്റെ ചുറ്റുപാടുകളെയും അവൻ തിരിച്ചറിയുന്നത് അക്ഷരങ്ങളിലൂടെയും കൂടിയാണ്.
തന്റെ ചുറ്റിലുമുള്ള മനുഷ്യരിലേക്കും ജീവികളിലേക്കും എത്താനുള്ള ഒരു പാലമാണ് വായന. അതിലൂടെ മനുഷ്യരുടെ സംസ്കാരത്തിന്റെയും നാഗരികതയുടെയും വളർച്ച സാധ്യമാവുന്നു. മൂല്യവത്തായ അക്ഷരകൂട്ടുകളിലൂടെയുള്ള സഞ്ചാരം വ്യക്തികൾക്കും സമൂഹങ്ങൾക്കും ഉന്നതിയുടെ പടവുകൾ താണ്ടിക്കയറാനുള്ള വഴികൾ സമ്മാനിക്കും. വെറുപ്പിന്റെ പ്രണേതാക്കളുടെ പ്രത്യയശാസ്ത്ര പ്രചാരണങ്ങളുടെ മുനയൊടിക്കാനും നമുക്കിടയിൽ സ്നേഹത്തിന്റെ ചിറകൾ പടുത്തുയർത്താനുമുള്ള ദിവ്യമായ ഔഷധം കൂടിയാണ് വായന. വായനയിലൂടെ അനേകജീവിതങ്ങളാണ് ഓരോ മനുഷ്യർക്കും സാധ്യമാവുന്നത് ‘ഒരു വായനക്കാരൻ അയാൾ മരിക്കുന്നതിന് മുമ്പ് ആയിരം ജീവിതങ്ങൾ ജീവിക്കുമ്പോൾ വായിക്കാത്ത ആൾക്ക് കിട്ടുന്നത് ഒരേയൊരു ജീവിതം മാത്രമാണ്’ (ജോർജ് ആർ മാർട്ടിൻ). സാമൂഹിക മാറ്റങ്ങളും വിപ്ലവങ്ങളും ലോകത്ത് സംഭവിച്ചതൊക്കെയും വായനയുടെപിൻബലത്തിൽ കൂടിയായിരുന്നു. ലോകത്ത് സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി പണിയെടുത്ത എല്ലാ ചരിത്രപുരുഷന്മാരും വിശാലമായ വായനയുടെ പ്രണേതാക്കളായിരുന്നു.
ഇതോടൊപ്പം തന്നെയാണ് നമ്മൾ പത്രവായനയെ പ്രത്യേകം ഓർമിക്കുന്നത്. പത്രങ്ങൾ വ്യക്തിയിലും സാമൂഹിക ജീവിതത്തിലും വലിയ സ്വാധീനവും മാറ്റങ്ങളുമാണുണ്ടാക്കുന്നത്. പത്രങ്ങൾ ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ അറിവും വിവരണവുമാണ് നമുക്കുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത് ടി.വി ചാനലുകളും മറ്റ് ഡിജിറ്റൽ മാധ്യമങ്ങളും കൂടി കൈയേറിയിട്ടുണ്ടെങ്കിലും പത്രവായന എന്ന് പറയുന്നത് ഇന്നും മലയാളിയുടെ ഗൃഹാതുരത്വമുണർത്തുന്ന ശീലങ്ങളിലൊന്നാണ്. സർക്കാറുകളുടെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്യാനും തിരുത്തേണ്ടതിനെ തിരുത്തിക്കാനും പത്രങ്ങൾക്ക് സാധിക്കും.
ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും അവർക്ക് നിഷേധിക്കപ്പെടുന്ന നീതിയുടെ സംസ്ഥാപനത്തിന് വേണ്ടി നിലകൊള്ളാനും ഒരു പരിധി വരെ പത്രങ്ങളിലൂടെ സാധിക്കുന്നു. പുതിയ കാലഘട്ടത്തിൽ നമുക്കിടയിൽ ധാരാളം ഡിജിറ്റൽ മാധ്യമങ്ങൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ഓൺലൈൻ പത്രങ്ങൾ, മൊബൈൽ ആപ്പുകൾ, ദിനപത്രങ്ങളുടെ തന്നെ ഓൺലൈൻ എഡിഷനുകൾ, വെബ് പോർട്ടലുകൾ എന്നിവ ഉദാഹരണം. ഇതിലൂടെ വാർത്തകൾ പണ്ടത്തേക്കാളും എത്രയോ വേഗത്തിലാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ വിശ്വാസ്യതയുള്ളതും ആധികാരികവുമായ വാർത്തകൾ പലപ്പോഴും ലഭിക്കുന്നത് പത്രങ്ങളിലൂടെ തന്നെയാണെന്നാണ് പല അനുഭവങ്ങളും നമ്മോട് പറയുന്നത്. ‘ഗൾഫ് മാധ്യമം’ പ്രവാസികളുടെ വായനശീലത്തിന് വലിയൊരു മാറ്റമാണ് നൽകിയത്. കഴിഞ്ഞ 26 വർഷമായി മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ വായനക്ക് അത് നിറം പകർന്നുകൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.