മുഹറഖ് നൈറ്റ്സിൽനിന്ന്
മനാമ: രാജ്യത്തെ സാംസ്കാരികവും പൈതൃകവും ആഘോഷിക്കുന്ന വാർഷിക ആഘോഷമായ മുഹറഖ് നൈറ്റ്സിന് നാളെ രാവുണരും. ബഹ്റൈന്റെ സാംസ്കാരിക-പുരാവസ്തു അതോറിറ്റി സംഘടിപ്പിക്കുന്ന 'മുഹറഖ് നൈറ്റ്സ്' ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിനാണ് തിങ്കളാഴ്ച വൈകീട്ട് ആരംഭം കുറിക്കുക. നഗരത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന വൈവിധ്യമാർന്ന സാംസ്കാരിക, കലാ, വിദ്യാഭ്യാസ അനുഭവങ്ങളാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഡിസംബർ ഒന്ന് മുതൽ 30 വരെയാണ് ആഘോഷ പരിപാടികൾ.
മുഹറഖിന്റെ ഹൃദയഭാഗത്തുള്ള വിവിധ വേദികളിലാണ് പരിപാടികൾ അരങ്ങേറുന്നത്. ചരിത്രവും ആധുനികതയും സമന്വയിപ്പിക്കുന്ന ആകർഷകമായ അനുഭവങ്ങൾ സന്ദർശകർക്ക് ലഭിക്കും. കലകൾ, ഡിസൈൻ, കരകൗശലവസ്തുക്കൾ, കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ, സംഗീത പരിപാടികൾ, ടൂറുകൾ തുടങ്ങി നിരവധി പരിപാടികൾ മുഹറഖ് നൈറ്റ്സിന്റെ ഭാഗമായുണ്ട്.
ഞായർ മുതൽ ബുധൻ വരെ വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെയും വ്യാഴം മുതൽ ശനി വരെ വൈകീട്ട് അഞ്ച് മുതൽ അർധരാത്രി വരെയുമാണ് ആഘോഷം. ഈ വാർഷിക ഫെസ്റ്റിവലിൽ ബഹ്റൈനിലെയും ജി.സി.സിയിലെയും നിരവധി സന്ദർശകരെ ആകർഷിക്കുന്ന ഒന്നാണ്. കഴിഞ്ഞവർഷം 5,00,000 ൽ അധികം സന്ദർശകരാണ് മുഹറഖ് നൈറ്റ്സിൽ പങ്കെടുത്തത്. ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾച്ചർ ആൻഡ് റിസർച്ച്, റിവാഖ് ആർട്ട് സ്പേസ് തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളുമായും പൊതു-സ്വകാര്യ മേഖലകളിലെ സംരംഭകരുമായും സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് www.pearlingpath.bh എന്ന വെബ്സൈറ്റ് വഴിയും, കൾച്ചർ അതോറിറ്റിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളായ @CultureBah, @pearlingpath എന്നിവ വഴിയും ദൈനംദിന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും ഇവന്റുകൾക്കായി രജിസ്റ്റർ ചെയ്യാനും സാധിക്കും.
വർഷാവസാനം വർണാഭമാക്കാൻ മറ്റ് നിരവധി സാംസ്കാരിക ആഘോഷങ്ങൾ, സംഗീത രാവുകൾ, കമ്യൂണിറ്റി പരിപാടികൾ എന്നിവക്കും രാജ്യം സാക്ഷ്യം വഹിക്കും. 'ഓരോ നിമിഷവും ജീവിക്കുക' എന്ന പ്രമേയത്തിൽ നടക്കുന്ന ‘സെലിബ്രേറ്റ് ബഹ്റൈൻ 2025’ രാജ്യത്തിന്റെ സാംസ്കാരികപൈതൃകവും ലോകോത്തര വിനോദഅനുഭവങ്ങളും പ്രദർശിപ്പിക്കും. പ്രമുഖ മാളുകളുമായും ഷോപ്പിങ് സെൻററുകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ബഹ്റൈൻ ഷോപ്പിങ് ഫെസ്റ്റിവലോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പ്രാദേശിക റീട്ടെയിൽ സ്ഥാപനങ്ങളെയും തദ്ദേശീയ ബിസിനസുകളെയും പിന്തുണക്കുന്നതിനായി വൻ ഡിസ്കൗണ്ടുകൾ, എക്സ്ക്ലൂസീവ് പ്രൊമോഷനുകൾ, സമ്മാന നറുക്കെടുപ്പുകൾ എന്നിവ ഈ വർഷത്തെ പ്രത്യേകതയാണ്.
ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി ഈ ഫെസ്റ്റിവലിനെ രാജ്യത്തിെന്റ ടൂറിസം സ്ട്രാറ്റജി 2022-2026ലെ ഒരു പ്രധാന നാഴികക്കല്ലായാണ് വിശേഷിപ്പിച്ചത്. സാംസ്കാരികം, വിനോദം, ഷോപ്പിങ് എന്നിവയെല്ലാം ഒരൊറ്റ അനുഭവത്തിൽ സംയോജിപ്പിച്ച്, സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഈ മേഖലയുടെ സംഭാവന വർധിപ്പിക്കാൻ ഈ സീസൺ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹവാ അൽ മനാമ, മറാഈ ഫെസ്റ്റിവൽ, ലോകോത്തര സംഗീതവിരുന്നുകൾ, ദേശീയദിന-പുതുവത്സര ആഘോഷങ്ങൾ എന്നിവയും ഡിസംബറിലൂടനീളം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കായി സോഷ്യൽ മീഡിയയിൽ @calendar.bh സന്ദർശിക്കുക. അല്ലെങ്കിൽ www.bahrain.com, BTEA മൊബൈൽ ആപ് എന്നിവ ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.