ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സന്ദർശിച്ച് ഹമദ് രാജാവ്; സുരക്ഷ സേനയുടെ സേവനങ്ങൾക്ക് പ്രശംസ

മനാമ: സായുധ സേനയുടെ കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സന്ദർശിച്ചു. മന്ത്രാലയത്തിൽ എത്തിയ അദ്ദേഹത്തെ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം വഹിക്കുന്ന നിർണായക പങ്കിനെ ഹമദ് രാജാവ് പ്രശംസിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കാട്ടുന്ന അച്ചടക്കത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.

ആഭ്യന്തര മന്ത്രാലയം, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, നാഷണൽ ഗാർഡ് എന്നിവർ തമ്മിലുള്ള മികച്ച ഏകോപനം രാജ്യത്തിന്‍റെ സുരക്ഷ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതായി രാജാവ് ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങളോട് സമാധാനവും സഹകരണവും ആഗ്രഹിക്കുന്ന രാജ്യമാണ് ബഹ്റൈൻ. എന്നാൽ മേഖലയിലെ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന അനാവശ്യമായ ആക്രമണങ്ങളെ രാജാവ് ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിൽ മന്ത്രാലയത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു.

 ആഭ്യന്തര മന്ത്രി തന്‍റെ മറുപടി പ്രസംഗത്തിൽ, ഹമദ് രാജാവിനോടുള്ള വിശ്വസ്തത ആവർത്തിച്ച് പ്രഖ്യാപിച്ചു. നിയമവാഴ്ച ഉറപ്പാക്കുന്നതിനും പുതിയ സുരക്ഷ വെല്ലുവിളികളെ നേരിടുന്നതിനും ബഹ്റൈൻ പൊലീസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണക്കും മാർഗനിർദേശങ്ങൾക്കും മന്ത്രി നന്ദി അറിയിച്ചു.

Tags:    
News Summary - King Hamad visits Bahrain's Interior Ministry; praises security forces for their services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.