35ാം എഡിഷൻ ഓട്ടം ഫെയറിൽനിന്ന്
മനാമ: എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്ന 35ാം എഡിഷൻ ഓട്ടം ഫെയറിന് പരിസമാപ്തി. ജനുവരി 23ന് ആരംഭിച്ച് ഫെബ്രുവരി ഒന്നുവരെ 10 ദിവസങ്ങളിലായി നീണ്ട മേള ജനപങ്കാളിത്തംകൊണ്ടും സ്വീകാര്യതകൊണ്ടും ശ്രദ്ധേയമായി. ഫലസ്തീൻ, ഇറാൻ, അഫ്ഗാനിസ്താൻ, ഇന്ത്യ, ചൈന തുടങ്ങി ജി.സി.സി രാജ്യങ്ങളടക്കം ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള 680ൽ അധികം പവിലിയനുകളായിരുന്നു മേളയിലുണ്ടായിരുന്നത്.
പരമ്പരാഗതവും പുതിയതുമായ വസ്ത്രങ്ങൾ, ഭക്ഷണവസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, ഭക്ഷണ ചേരുവകൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടം, മധുരപലഹാരങ്ങൾ, ആഭരണങ്ങൾ, ഫർണിചർ, സൗന്ദര്യവർധക വസ്തുക്കൾ, ഇലക്ട്രിക് സാമഗ്രികൾ തുടങ്ങി അനേകം വൈവിധ്യം നിറഞ്ഞതും വ്യത്യസ്തവുമായ വസ്തുക്കൾ എന്നിവകൊണ്ട് സമൃദ്ധമായിരുന്നു മേളയുടെ സ്റ്റാളുകൾ. സ്ത്രീ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ മേള. സ്ത്രീകൾക്ക് മാത്രമായി പ്രത്യേകസമയവും അനുവദിച്ചിരുന്നു. ടൂറിസം മന്ത്രാലയത്തിന്റെയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെയും പിന്തുണയോടെ ഇൻഫോർമ മാർക്കറ്റ്സാണ് മേള സംഘടിപ്പിച്ചത്. സംഘാടന മികവുകൊണ്ട് ഇൻഫോർമ മാർക്കറ്റ്സും വേറിട്ടുനിന്നു.
മേളയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനും സംഘാടകർ നടത്തിയ പരിശ്രമങ്ങൾ മേളയെ കൂടുതൽ മികവുറ്റതാക്കി. പതിനായിരക്കണക്കിന് സന്ദർശകരാണ് ഇത്തവണ മേളക്കെത്തിയത്. ബഹ്റൈനിലെ റീട്ടെയിൽ വിപണിയെ പ്രദർശിപ്പിക്കുന്നതിലൂടെ സന്ദർശകർക്ക് മികച്ച കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയെ ഉയർത്തുക എന്നതാണ് മേള ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.