സ്മൃതി കലാകായികമേളയുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് സംഘടിപ്പിച്ച 12ാമത് സ്മൃതി കലാകായികമേളക്ക് പ്രൗഢ സമാപനം. ലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ സ്മരണാർഥമാണ് മേള സംഘടിപ്പിച്ചിരുന്നത്. കത്തീഡ്രൽ വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ. ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു.
കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ വിശിഷ്ടാതിഥിയായിരുന്നു. ജനറൽ കൺവീനർ സിജു ജോർജ് സ്മൃതി 2025 അവലോകനം നടത്തി. അസിസ്റ്റന്റ് വികാരി റവ. ഫാ. തോമസുകുട്ടി പി.എൻ, കത്തീഡ്രൽ സെക്രട്ടറി ബിനു മാത്യു ഈപ്പൻ എന്നിവർ സംസാരിച്ചു. കത്തീഡ്രൽ ആക്ടിങ് ട്രസ്റ്റി സുജിത്ത് എബ്രഹാം, യുവജന പ്രസ്ഥാനം ലേ. വൈസ് പ്രസിഡന്റ് റിനി മോൻസി, പ്രസ്ഥാനം ട്രഷറർ ജേക്കബ് ജോൺ, സ്റ്റാർ വിഷൻ ഇവെന്റ്സ് ഡയറക്ടർ സേതുരാജ് കടക്കൽ, ആർട്സ് കൺവീനർ ക്രോണി തോമസ് മാത്യു, സ്പോഴ്സ് കൺവീനർ സിമി പ്രിൻസ് എന്നിവർ സന്നിഹിതരായിരുന്നു. യുവജന പ്രസ്ഥാനം സെക്രട്ടറി ബോണി മുളപ്പാംപള്ളിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ജുബിൻ തോമസ് നന്ദിയും രേഖപ്പെടുത്തി. അലീന സണ്ണി അവതാരകയായിരുന്നു.
മാർച്ച് 20ന് പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ അനുസ്മരണ യോഗത്തെതുടർന്ന് ആരംഭിച്ച ഈ വർഷത്തെ സ്മൃതി കലാകായിക മത്സരങ്ങളിൽ ആറ് ഗ്രൂപ്പുകളിലായി 148 മത്സരങ്ങളിൽ 541 മത്സരാർഥികൾ മാറ്റുരച്ചു. മത്സരങ്ങളിൽനിന്ന് 228 വിജയികൾക്കായി 515 സമ്മാനങ്ങളാണ് ഗ്രാൻഡ് ഫിനാലയിൽ സമ്മാനിച്ചത്. സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ലോക കേരളസഭ അംഗം ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു. സൽമാബാദ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബിൽ നടന്ന സമ്മാനദാനത്തെതുടർന്ന് പ്രേക്ഷകർക്ക് നവ്യാനുഭവം സമ്മാനിച്ച മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച ട്രിക്സ്മാനിയ 2.0യും, ടെലിവിഷൻ സംഗീത പരിപാടികളിലൂടെ പ്രശസ്തരായ പിന്നണി ഗായകർ ഭരത് സജികുമാറും കുമാരി ആഷിമ മനോജും ചേർന്നൊരുക്കിയ സംഗീതനിശയും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.