മനാമ: പൊതുയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന ഷോപ്പിങ് ട്രോളികൾ സൃഷ്ടിക്കുന്ന സൗന്ദര്യ പ്രശ്നത്തിനും പൊതുശല്യത്തിനും പരിഹാരം കാണാൻ ലക്ഷ്യമിട്ട് പുതിയ നിർദേശം. തെരുവുകളിലും നടപ്പാതകളിലും ആളുകളുടെ വീടുകൾക്ക് പുറത്തും ഉപേക്ഷിക്കുന്ന ട്രോളികൾക്ക് സൂപ്പർമാർക്കറ്റുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും ഉടൻ പിഴ ചുമത്താൻ സാധ്യത. സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് സമർപ്പിച്ച ഈ പുതിയ നിർദേശം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു.
ട്രോളികൾ ഉപേക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന വർധിച്ചുവരുന്ന പൊതുശല്യവും വൃത്തികേടും പരിഹരിക്കാനാണ് ഈ നീക്കം. മാളുകൾക്കുള്ളിൽ ട്രോളികൾ ശേഖരിക്കാൻ ജോലിക്കാർ ഉണ്ടെങ്കിലും പുറത്ത് റോഡുകളുടെ നടുവിലും നടപ്പാതകളിലും ധാരാളമായി അവ ഉപേക്ഷിക്കപ്പെട്ടനിലയിൽ കാണുന്നുണ്ടെന്നും അവ ഉത്തരവാദിത്തപ്പെട്ട സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഏറ്റെടുക്കണമെന്നും അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.
ഇതു കേവലം സൗന്ദര്യ പ്രശ്നം മാത്രമല്ല, പൊതുസുരക്ഷയെയും പൗരമര്യാദയെയും ബാധിക്കുന്ന വിഷയമാണെന്നും, ഉപേക്ഷിക്കപ്പെട്ട ട്രോളികൾ റോഡുകൾക്കും പാർക്കിങ് സ്ഥലങ്ങൾക്കും നടപ്പാതകൾക്കും തടസ്സമുണ്ടാക്കുന്നുണ്ടെന്നും അബ്ദുല്ലത്തീഫ് വിശദീകരിച്ചു. ആരെങ്കിലും ഉത്തരവാദിത്തം ഏൽക്കണമെന്നതിനോട് യോജിച്ചെങ്കിലും, സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നത് ശരിയായ സമീപനമാണോ എന്ന ആശങ്ക കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ പ്രകടിപ്പിച്ചു. മുഴുവൻ കുറ്റവും ബിസിനസുകളിൽ ചുമത്തുന്നത് വ്യക്തികളുടെ ഭാഗത്തുനിന്ന് കൂടുതൽ അലംഭാവത്തിന് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.