ഭാര്യാമാതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,500 ദിനാർ തട്ടിയെടുത്തു: ബഹ്റൈൻ സ്വദേശി വിചാരണയിൽ
മനാമ: ഭാര്യാമാതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സഹപ്രവർത്തകന്റെ സഹായത്തോടെ 1,500 ബഹ്റൈൻ ദിനാർ തട്ടിയെടുത്ത കേസിൽ 37-കാരനായ ബഹ്റൈൻ സ്വദേശി ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു.
കസ്റ്റഡിയിലുള്ള പ്രതി വീഡിയോ ലിങ്ക് വഴിയാണ് കോടതിയിൽ ഹാജരായത്. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സഹായിക്കുന്നതിനിടെ 63-കാരിയായ ഭാര്യാമാതാവിന്റെ ബാങ്ക് കാർഡ് വിവരങ്ങളും പിൻ നമ്പറും കൈക്കലാക്കിയാണ് ഇയാൾ അക്കൗണ്ട് വിവരങ്ങൾ തൻ്റെ മൊബൈൽ ആപ്പിൽ ചേർത്തത്. തുടർന്ന് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ പണം കൈമാറ്റം ചെയ്യുകയായിരുന്നു.
തൻ്റെ അക്കൗണ്ടിൽ പരിധി കഴിഞ്ഞതിനാൽ കൂടുതൽ പണം സ്വീകരിക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചാണ് പ്രതി സഹപ്രവർത്തകന്റെ അക്കൗണ്ടിലേക്ക് ഗഡുക്കളായി 1,500 ദിനാർ അയച്ചത്. തുടർന്ന് സഹപ്രവർത്തകനുമായി എ.ടി.എമ്മിലെത്തി പണം പിൻവലിച്ച് വാങ്ങുകയായിരുന്നു. 2026 ജൂണിൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് വയോധിക പൊലീസിൽ പരാതി നൽകി.
ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാജ ഇലക്ട്രോണിക് ഒപ്പ് ഉപയോഗിച്ചതും നിയമവിരുദ്ധമായി വിവരങ്ങൾ ചോർത്തിയതും പ്രതി സമ്മതിച്ചു. കേസ് വാദം കേൾക്കുന്നതിനായി ഒക്ടോബർ 4-ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.