വാണിജ്യ രജിസ്ട്രേഷൻ ഉടമസ്ഥാവകാശ കൈമാറ്റം: നിബന്ധനകൾ പുതുക്കി എൽഎംആർഎ

മനാമ: ബഹ്റൈനിൽ വാണിജ്യ രജിസ്ട്രേഷനുകളുടെ (സി.ആർ) ഉടമസ്ഥാവകാശ കൈമാറ്റ വേളയിൽ എക്സ്പാട്രിയേറ്റ് മാനേജ്‌മെന്റ് സിസ്റ്റം (ഇ.എം.എസ്) വഴി പുതിയ സി.ആർ രജിസ്റ്റർ ചെയ്യുമ്പോൾ ബാധകമാകുന്ന പുതിയ നിബന്ധനകളും നിർദ്ദേശങ്ങളും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) വ്യക്തമാക്കി. സ്ഥാപനത്തിന്റെ നിയമപരവും സാമ്പത്തികവും ഭരണപരവുമായ എല്ലാ ബാധ്യതകളുടെയും ഉത്തരവാദിത്തം തങ്ങൾക്കായിരിക്കുമെന്നും അവ പൂർണ്ണമായും പാലിക്കുമെന്നും ഉടമസ്ഥാവകാശ കൈമാറ്റ വേളയിൽ പുതിയ തൊഴിലുടമ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. പഴയ വാണിജ്യ രജിസ്ട്രേഷനിലുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ പുതിയ സി.ആറിലേക്ക് മാറ്റുന്നത് പുതിയ നിയമവ്യവസ്ഥകൾക്ക് വിധേയമായിരിക്കും.

വർക്ക് പെർമിറ്റ് കൈമാറ്റത്തിനുള്ള പ്രധാന നിബന്ധനകൾ

കാലാവധിയുള്ള വർക്ക് പെർമിറ്റുള്ള വിദേശ ജീവനക്കാരുടെ വിസകൾ പഴയ സി.ആറിൽ നിന്ന് പുതിയ സി.ആറിലേക്ക് യാതൊരു ഫീസുമില്ലാതെ സൗജന്യമായി മാറ്റാവുന്നതാണ്. ഇ.എം.എസിലെ പുതിയ തസ്തികകളിൽ ഉൾപ്പെടാത്ത തൊഴിലുകളിൽ തുടരുന്ന വാലിഡ് വിസയുള്ള ജീവനക്കാർക്ക് പുതിയ കരാറും തൊഴിൽ തസ്തികയും നൽകി ഫീസില്ലാതെ തന്നെ പുതിയ സി.ആറിലേക്ക് മാറ്റാനുള്ള സൗകര്യവുമുണ്ട്.

മാറ്റാൻ സാധിക്കാത്ത സാഹചര്യങ്ങൾ

പഴയ സി.ആറിൽ വിസ കാലാവധി കഴിഞ്ഞ ജീവനക്കാരുടെ വിസകൾ പുതിയ സി.ആറിലേക്ക് മാറ്റാൻ സാധിക്കില്ല. അതുപോലെ തന്നെ അടുത്ത 5 ദിവസത്തിനകം വിസ കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ പെർമിറ്റുകൾ പുതിയ സി.ആറിലേക്ക് മാറ്റാൻ കഴിയില്ല; ഇവ ഇലക്ട്രോണിക് സർവീസസ് ടീം നേരിട്ട് റദ്ദാക്കുന്നതായിരിക്കും. കൂടാതെ പഴയ സി.ആറിൽ പ്രോസസിംഗിലുള്ള ജോലി തസ്തിക മാറ്റം, വിദേശ തൊഴിലാളികളുടെ എണ്ണത്തിന്റെ പരിധിയായ വിസ സീലിംഗ് കൂട്ടൽ, വർക്ക് ലോഡ് എസ്റ്റിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വയം റദ്ദാക്കപ്പെടും. അപേക്ഷയോടൊപ്പം ഒരു എം.ബിയിൽ കവിയാത്ത വലുപ്പത്തിലുള്ള 'ഡിക്ലറേഷൻ ഓഫ് ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ് ഓഫ് കൊമേഴ്‌ഷ്യൽ രജിസ്ട്രേഷൻസ്' പി.ഡി.എഫ് ഫോം ഒപ്പുവെച്ച് സമർപ്പിക്കേണ്ടതുണ്ട്. ഈ അപേക്ഷകൾ പൂർണ്ണമായി പ്രോസസ്സ് ചെയ്യാൻ 10 പ്രവൃത്തിദിവസമാണ് എടുക്കുകയെന്ന് എൽ.എം.ആർ.എ അറിയിച്ചു.

Tags:    
News Summary - Transfer CR Ownership in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.