മനാമ: ബഹ്റൈനിലെ കലാ-സാഹിത്യ- സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യമാണ് മലപ്പുറം ജില്ലയിലെ ഇരുമ്പുമുഴി സ്വദേശിനി ശ്രീവിദ്യ വിനോദ്. 18 വർഷമായി ബഹ്‌റൈൻ പ്രവാസിയായ ശ്രീവിദ്യ അഭിനേതാവ്, കോസ്റ്റ്യൂം ഡിസൈനർ, ഡബ്ലിംഗ് ആർട്ടിസ്റ്റ് എന്നീ മേഖലകളിലാണ് ശ്രദ്ധേയയാകുന്നത്. രമേശ് ബേബിക്കുട്ടൻ സംവിധാനം ചെയ്ത ‘ന്റെ പുള്ളിപ്പയ്യ് കരയണ്’ എന്ന നാടകത്തിലൂടെയാണ് ശ്രീവിദ്യ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് ഒരു ദേശം നുണപറയുന്നു, അമ്മ, അൽ അഖിറ, ഒരു അനാഘ്രാത പുഷ്പം, ശകുനി, കാന്താരിപ്പൊന്ന്, ആരാച്ചാർ, കത്രിക തുടങ്ങി വിവിധ നാടകങ്ങളിൽ ശ്രദ്ദേയമായ അഭിനയം കാഴ്ചവെച്ചു. ഇതിനിടയിൽ ചില മ്യൂസിക് ആൽബങ്ങളിലും ശ്രീവിദ്യ വേഷമിട്ടു.
നൃത്ത സംഗീത നാടകം ആയ വിന്ധ്യാവലിയുടെ സഹ സംവിധാനവും വസ്ത്രാലങ്കാരവും ശ്രീവിദ്യ നിർവഹിച്ചു. ചെമ്മീൻ, തർപ്പണം, റൂട്ട്, സൗപർണിക എന്നീ നാടകങ്ങളുടെയും വസ്‌ത്രാലങ്കാരം നിർവഹിച്ചു. നിരവധി ആൽബങ്ങളിലും നൃത്തശിൽപ്പങ്ങളിലും ഡൗബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചു. ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന ബുക്ക് ഫെസ്റ്റിൻ്റെ സെയിൽ ടീമിൽ ശ്രീവിദ്യ സജീവമാണ്. കഴിഞ്ഞ 5 വർഷമായി ശ്രീവിദ്യയാണ് സെയിൽസിൽ വ്യക്തിഗതമായി ഒന്നാമതെത്തിയത്. കഴിഞ്ഞ പ്രാവശ്യം ശ്രീവിദ്യ നേതൃത്വം നൽകിയ സെയിൽസ് ടീമിനാണ് ഏറ്റവും കൂടുതൽ സെയിൽസ് നടത്തിയതിനുള്ള സമ്മാനം ലഭിച്ചത്.
കഴിഞ്ഞ 5 വർഷമായി അൽമൊയ്യദ് കോൺട്രാക്ടിംഗ് ഗ്രൂപ്പിൻ്റെ ഡിവിഷൻ ആയ ഇൻ്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്മെൻ്റിൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട് മെൻ്റിൽ ജോലി ചെയ്യുകയാണ് ശ്രീവിദ്യ. അതിനു മുൻപ് 13 വർഷം ഗൾഫ് ഗ്ലോബൽ ബിസിനസ് കൺസൽടന്റ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു. ഭർത്താവ് വിനോദ് വൈ. കെ. അൽമൊയ്യദ് ഷോറൂമിൽ സെയിൽസ് ഡിപ്പാർട്ടുമെൻ്റിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ സ്കൂളിൽ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന ഏക മകൾ മിത്രയും കലാപ്രവർത്തനങ്ങളിൽ സജീവമാണ്.
ഇനിയും കലാപ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് നാടകാഭിനയ രംഗത്ത് സജീവമാകണമെന്നതാണ് ആഗ്രഹമെന്ന് ശ്രീവിദ്യ പറഞ്ഞു. നാടകമെന്ന കലാരൂപത്തിന് ബഹ്റൈനിലെ മലയാളി സമൂഹം നല്ല പ്രോൽസാഹനമാണ് നൽകുന്നതെന്നും ശ്രീവിദ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.