ഓണം, വിഷു, ഈദ്, ക്രിസ്മസ് ഓരോ വർഷവും നമ്മളെ നാട്ടിലേക്കും കുട്ടിക്കാലത്തെ ഓർമകളിലേക്കും കൊണ്ട് പോകും എന്ന് പറഞ്ഞതു പോലെയാണ് ഓരോ ലോക കപ്പു സീസണും, സ്കൂൾ കോളേജ് കാല പന്തുകളിയുടെയും നാട്ടിലെ ടൂർണമെന്റുകളുടെയും ഓർമകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. കൊയ്ത്തു കഴിഞ്ഞ പാടത്തും കുഞ്ഞു കുഞ്ഞു ഗ്രൗണ്ടുകളിലുമായാണ് ഞങ്ങളുടെ കുട്ടിക്കാലത്തെ പന്ത് കളി പഠനവും പ്രാക്റ്റീസും. വലിയേട്ടന്മാരുടെ കളി കഴിയാൻ കാത്തു നിൽക്കും, ഗ്രൗണ്ടിലേക്കിറങ്ങി പന്തും കൊണ്ട് തലങ്ങും വിലങ്ങും ഓടാൻ... എത്രയെത്ര മുറിവുകൾ, കാലിൽ കെട്ടുകൾ ഉണ്ടായാലും അത് വെച്ച് പിന്നെയും കളിക്കും.
റേഡിയോയിലും പത്രങ്ങളിലും മാത്രം കേട്ടറിഞ്ഞ വേൾഡ് കപ്പ് ആവേശത്തിന് അറുതിയാകുന്നത്, നാട്ടിലെ പ്രമാണിയുടെ വീട്ടിൽ ആദ്യമായി ടി.വി എത്തിയപ്പോഴാണ്. അന്ന് രാത്രികളിൽ ഒത്തുകൂടിയ വലിയൊരു ജനക്കൂട്ടത്തിനിടയിലിരുന്ന് കണ്ട ബ്രസീൽ മത്സരങ്ങളാണ് ഫുട്ബോളിനോടും ആ ടീമിനോടും എന്നിലെ ആരാധകനെ ജനിപ്പിച്ചത്.
സ്കൂൾ ഗ്രൗണ്ടിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾക്കായി കാത്തിരിക്കുന്ന കാലം. അപ്പോഴാണ് കളിക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ആ പുതുമുഖം വരുന്നത്. തൊട്ടടുത്ത വർഷം അദ്ദേഹത്തെ കാണാൻ ഞങ്ങൾ കാത്തിരുന്നു, എന്നാൽ അപ്പോഴേക്കും ആ ഫുട്ബോൾ മാന്ത്രികൻ കേരള ടീമിൽ നിന്നും ഇന്ത്യൻ കുപ്പായത്തിലേക്ക് വളർന്നു കഴിഞ്ഞിരുന്നു. മറ്റാരുമല്ല, നമ്മുടെ സ്വന്തം ഐ.എം. വിജയൻ.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ കുട്ടിപ്പട്ടാളത്തിൻ്റെ ടീം ഫോം ചെയ്യുന്നത്. അണ്ടർ 12 ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാൻ. ഉദ്ഘാടന മത്സരം തന്നെ കളിക്കാൻ കിട്ടിയ ഞങ്ങൾക്ക് അത് വലിയ ആഘോഷമായി. മാത്രമല്ല, താരതമ്യേന ബലം കുറഞ്ഞ ടീം ആയിരുന്നു എതിരാളി. 11 ഗോളുകൾക്കാണ് അന്ന് ഞങ്ങൾ ജയിച്ചത്. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ശക്തരായ ടീം എന്ന് പേര് വീഴുകയും ചെയ്തു.
സെന്റർ ബാക് ആയി കളിച്ച എനിക്ക് ആദ്യ ദിവസം തന്നെ എതിർ ടീമിന്റെ കളിക്കാരന്റെ ആവേശത്തിലുള്ള ആക്രമണത്തിൽ നിന്നും തലയിൽ പരിക്ക് പറ്റി, ഇടക്ക് കളിക്കാൻ തടസ്സമുണ്ടായി. എന്തായാലും എല്ലാ കളികളും വളരെ നന്നായി തന്നെ ജയിച്ച് ഞങ്ങൾ ഫൈനലിൽ എത്തി. എതിർ ടീമും തുല്യ ശക്തർ തന്നെ. റെഗുലർ ടൈമും എക്സ്ട്രാ ടൈമും ഗോളുകൾ അടിക്കാതെ മുന്നോട്ടു പോയി. പെനാൽറ്റി ഷൂട്ട് ഔട്ടിന്റെ സമയമായി
പെനാൽറ്റി കിക്ക് എടുക്കാനുള്ള 5 പേരിൽ ഞാനുമുണ്ട്. ക്യാപ്റ്റനും ഫോർവേഡ് കളിക്കുന്ന ടീമംഗളുടെയും ഊഴം കഴിഞ്ഞു. അവസാന കിക്ക് എടുക്കാൻ ഞാൻ ബാക്കി. പല നോക്ക്-ഔട്ട് വേൾഡ് കപ്പു മത്സരങ്ങളെയും ഓർമിപ്പിക്കുന്ന രീതിയിൽ, എതിർ ടീമിന്റെ മിസ്സായ ഒരു കിക്കിന്റെ ബലത്തിൽ രണ്ടു ടീമും തുല്യ ഗോളുകൾ വീതം നേടി വീണ്ടും സമ നിലയിൽ നിൽക്കുമ്പോഴാണ് എന്റെ ഊഴം, ഒരേ ഒരു കിക്ക്.
എല്ലാവരും ആകാംഷയിലും ആവേശത്തിലുമാണ്. എനിക്കെന്തോ ഒരു ടെൻഷനും ഉണ്ടായിരുന്നുമില്ല, അതിന്റെ ഒരു ഗൗരവക്കുറവ് ആ കിക്കിലും കണ്ടു. കാര്യമായി ഓടാതെ പന്തിന്റെ അടുത്ത് വന്നു വലത്തോട്ടടിക്കും എന്ന ഭാവേന മെല്ലെ ഇടത്തോട്ടടിച്ചു. വളരെ പതുക്കെ ഉരുണ്ടുരുണ്ട് ഇടത്തെ പോസ്റ്റിനോട് ചേർന്ന് പന്ത് ഉള്ളിൽ കടന്നു. ആ ടൂർണമെന്‍റിൽ ഞങ്ങൾ വിന്നേഴ്സ് ആയി.
പിന്നെ കുറെ സമയം ഞങ്ങൾ ഞങ്ങളെ കൊണ്ട് വന്ന ചേട്ടന്മാരുടെ തോളിൽ നിന്ന് താഴെ ഇറങ്ങിയിട്ടില്ല. ട്രോഫിയും എടുത്ത് റോഡിലൂടെ പാട്ടും ബഹളവുമായി ഞങ്ങളുടെ ദേശത്തേക്ക് ഘോഷയാത്ര. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ടൂർണമെന്റ്. ഓരോ വേൾഡ് കപ്പ് വരുമ്പോഴും പ്രത്യേകിച്ച് നോക്ക് -ഔട്ട് മത്സരങ്ങളിലെ പെനാൽറ്റി ഷൂട്ട് ഔട്ട് വരുന്ന മാച്ചിൽ ആ നിർണായക കിക്കും അത് സമ്മാനിച്ച നല്ല ഫുട്ബോൾ ഓർമകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.