‘സോപാനം വാദ്യസംഗമം 2025’ന്റെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന ‘സോപാനം വാദ്യസംഗമം 2025’ ഡിസംബർ 5 വെള്ളിയാഴ്ച ടുബ്ലി അദാരി പാർക്ക് ഗ്രൗണ്ടിൽ നടക്കും. 50 മീറ്റർ നീളത്തിൽ പ്രത്യേകം രൂപകൽപന ചെയ്ത പടുകൂറ്റൻ വേദിയിലാണ് ഇത്തവണത്തെ വാദ്യസംഗമം ഒരുങ്ങുന്നത്.
5000ത്തിലധികം ആസ്വാദകരെയാണ് പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്. ഡിസംബർ 5ന് വൈകീട്ട് 5 മണിക്ക് മട്ടന്നൂർ ശ്രീരാജ്, ചിറയ്ക്കൽ നിധീഷ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന കേളികൊട്ടോടെ പരിപാടികൾക്ക് തുടക്കമാകും. ഇന്ത്യയിൽനിന്ന് 30 പ്രമുഖ കലാകാരന്മാരാണ് വാദ്യസംഗമത്തിനായി ബഹ്റൈനിൽ എത്തിച്ചേരുന്നത്. കേരള സംഗീത നാടക അക്കാദമി ചെയർമാനും പത്മശ്രീ ജേതാവുമായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സിനിമാതാരം ജയറാം എന്നിവർ നയിക്കുന്ന 300ൽപരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം വാദ്യസംഗമത്തിലെ മുഖ്യ ആകർഷണമാകും. ഭാരതീയ സംഗീത പദ്ധതിയിലെ മഹോന്നത ശാഖയായ സോപാനസംഗീതവുമായി അമ്പലപ്പുഴ വിജയകുമാറും ഏലൂർ ബിജുവും നേതൃത്വം നൽകി 71 കലാകാരന്മാർ അരങ്ങിലെത്തും.
ചലച്ചിത്ര പിന്നണിഗായിക ലതിക ടീച്ചറും, ഐഡിയ സ്റ്റാർസിംഗർ ഫെയിം മിഥുൻ ജയരാജും ഒരുക്കുന്ന ‘കാതോട് കാതോരം‘ എന്ന സംഗീത പരിപാടിയും സോപാനം വാദ്യസംഗമത്തിലെ പ്രത്യേക ഇനമായിരിക്കും. ഉദ്ഘാടന സമ്മേളനത്തിൽ അതിഥികളോടൊപ്പം വീരശൃംഖല ജേതാവ് കാഞ്ഞിലശ്ശേരി പത്മനാഭൻ, അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു തുടങ്ങിയവരും സാന്നിധ്യമറിയിക്കും. രാഷ്ട്രീയ, മത, ജാതി, ലിംഗഭേദമന്യേ എല്ലാ വിഭാഗം ആളുകളെയും വാദ്യസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും പരിപാടിയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു. വാദ്യസംഗമം 2025ന്റെ ആദ്യ പോസ്റ്റർ കോൺവെക്സ് മീഡിയ മാനേജിങ് ഡയറക്ടർ അജിത്ത് നായർ പ്രകാശനം ചെയ്തു.
വാർത്തസമ്മേളനത്തിൽ അജിത്ത് നായർ, സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, സഹരക്ഷാധികാരി ശശികുമാർ, മറ്റു സോപാനം ഭാരവാഹികളായ ആനന്ദ് സുബ്രഹ്മണ്യം, ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ പുന്നയ്ക്കൽ, ഗോപിനാഥ്, ജോഷി ഗുരുവായൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.