മനാമ: ജി.സി.സി അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് അതിർത്തി കടന്നുള്ള യാത്ര ലളിതമാക്കുന്നതിനായി 'ഒറ്റ പരിശോധന' യാത്ര സംവിധാനത്തിന് അംഗീകാരം നൽകി. ഈ വർഷം ഡിസംബറിൽ യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള വ്യോമയാത്രാമേഖലയിലായിരിക്കും ആദ്യ പൈലറ്റ് ഘട്ടം ആരംഭിക്കുക.
കുവൈത്ത് സിറ്റിയിൽ നടന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 42ാമത് യോഗത്തിലാണ് സംരംഭം അവതരിപ്പിച്ചത്. പുതിയ സംവിധാന പ്രകാരം ഗൾഫ് പൗരന്മാർ ഒരു വിമാനത്താവളത്തിൽ മാത്രം ഇമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയാൽ മതിയാകുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഒന്നിലധികം പരിശോധനകൾ ഒഴിവാക്കുകയും യാത്രാ നടപടിക്രമങ്ങളുടെ സമയം കുറക്കുകയും ചെയ്യും. പദ്ധതിപ്രകാരം യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള വ്യോമയാത്രയിലാണ് സംവിധാനം ആദ്യം നടപ്പാക്കുക. ഈ പരീക്ഷണം വിജയകരമായാൽ സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് ഉൾപ്പെടെ എല്ലാ ആറ് ജി.സി.സി അംഗരാജ്യങ്ങളിലേക്കും ഈ യാത്രാ ക്ലിയറൻസ് മാതൃക വ്യാപിപ്പിക്കും.
പുതിയ സംവിധാനത്തിന് പിന്തുണ നൽകാനായി അംഗരാജ്യങ്ങൾക്കിടയിൽ യാത്രാനിയമലംഘനങ്ങൾ ട്രാക്ക് ചെയ്യാനും പങ്കിടാനുമായി ഒരു ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോമും ഒരുക്കും. യൂറോപ്യൻ യൂണിയനിലെ ഷെങ്കൻ മാതൃകയിലുള്ള ഈ 'ഒറ്റ-പരിശോധന' സംവിധാനം ഗൾഫ് മേഖലയിലെ ആഴത്തിലുള്ള പ്രാദേശിക ഏകീകരണത്തിനായുള്ള ശക്തമായ നീക്കമാണ്. യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനുമുള്ള വിപുലമായ പ്രാദേശിക ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടി. ഒറ്റ പെർമിറ്റിൽ ആറ് രാജ്യങ്ങളിലും സഞ്ചരിക്കാൻ സന്ദർശകരെ അനുവദിക്കുന്ന 'ജിസിസി ഗ്രാൻഡ് ടൂർസ് വിസ' എന്ന ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതിയും ജി.സി.സി ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.