നസീറ ഉബൈദ്
പതിവിലും നേരത്തേ നജീബ്ക റൂമിലെത്തിയപ്പോൾ വല്ലാത്തൊരു വിഷമം മുഖത്തുള്ളതായി എനിക്ക് തോന്നി. നാട്ടിൽനിന്ന് ആരെങ്കിലും വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് അതൊന്നുമല്ലടാ എന്ന മറുപടിയിൽ ഒതുക്കിയെങ്കിലും അങ്ങനെയല്ലല്ലോ നജീബ്ക്കാ പത്തുവർഷത്തോളമായില്ലേ കൂടപ്പിറപ്പല്ലെങ്കിലും കൂടെ കഴിയുന്നവരല്ലേ നമ്മൾ. ഇങ്ങളെ മനസ്സിലെ സങ്കടമൊക്കെ എനിക്ക് കാണാൻ കഴിയുട്ടോ. ഒന്നുമല്ലടാ ഞാനിങ്ങനെ ഓരോന്ന് ചിന്തിച്ചതാ.. നിനക്കറിയോ, എന്റെ കൂടെ 25 വർഷം മുമ്പ് പ്രവാസം തുടങ്ങിയ സുഹൃത്ത് നിസാമിനെ. അതെ! ഇങ്ങളെ സുഹറാന്റെ സ്വർണം പണയം വെച്ച് ഒരുമിച്ച് സൗദിയിലേക്ക് പോന്ന ആ നിസാമല്ലേ, അതെ ഇന്നവന്റെ ഒമ്പതാമത്തെ ഷോപ്പിന്റെ ഉദ്ഘാടനം കണ്ടു ഗ്രൂപ്പിൽ. ഇങ്ങളെ വിളിച്ച് പറഞ്ഞില്ലേ നജീബ്കാ... അതിലൊന്നും എനിക്കൊരു കുഴപ്പവുമില്ലടാ അവൻ നന്നായി കണ്ടാൽ മതി. ചിലരങ്ങനെയാ സലീമേ, പണം കൂടുമ്പോൾ സൗകര്യപൂർവം പലരെയും അങ്ങ് മറന്നുപോകും. നിനക്കറിയോ ഒരു ഗതിയും ഇല്ലാതെ നാട്ടിൽ മോശമായി നടന്ന ഒരുകാലത്ത് അവന്റെ ഉമ്മ പറയും നജീബേ നീ അക്കരക്ക് പോകുമ്പോൾ എന്റെ നിസാമിനെയും കൂടെ കൂട്ടണെ... ഒന്നുമായില്ലെങ്കിലും അവനൊന്ന് നന്നായി കണ്ടാൽ മതി. വീടിന്റെ അത്താണിയാണവൻ.
ആ വാക്ക് പാലിക്കാൻ കഴിഞ്ഞല്ലോ. പിന്നീട് ഞങ്ങളൊരുമിച്ച് സൗദിയിൽ എത്തുകയും ജോലി അന്വേഷിച്ചുള്ള ഓ ട്ടപ്പാച്ചിലിനിടയിൽ എനിക്കൊരു ജോലി തരപ്പെടുകയും അവനൊരു ജോലിയാകുന്നതു വരെ ഉള്ളതിൽനിന്ന് അവനെയും സഹായിച്ചു പോകുന്നതിനിടയിൽ സൂപ്പർമാർക്കറ്റിൽ അവനും ജോലി കിട്ടി. നാട്ടിൽനിന്നു വന്ന കടം വീട്ടലും മക്കളെ പഠനം, പെങ്ങളുടെ കല്യാണം, സൽക്കാരം, വീട്ടിലെ ചെലവ് അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്ത ബാധ്യത. അതിനിടയിൽ അവന്റെ ഭാഗ്യമെന്നോണം സൂപ്പർമാർക്കറ്റിലെ പാർട്ണർമാർ പുതിയൊരു കട തുടങ്ങുന്നതിന് കൂടെ കൂട്ടുകയും അതിൽനിന്നും വിജയിച്ച് പിന്നീടങ്ങോട്ട് രണ്ട്, മൂന്ന്, നാല് അങ്ങനെ ഒമ്പത് കടകളുടെ വിജയത്തിന്റെ ഭാഗമായവൻ. ഇടക്ക് വിളിക്കുമ്പോൾ അവൻ പറയും, നജീബ്ക്കാ സുഹറാന്റെ സ്വർണത്തിന്മേൽ അല്ലേ നമ്മുടെ തുടക്കം. ആ കടമൊക്കെ നമുക്കൊരുമിച്ച് വീട്ടാമെന്ന്. പിന്നീട് വിളിയുടെ എണ്ണവും കുറഞ്ഞു. ബാധ്യതയുടെ കാര്യവും മറന്നുപോയിക്കാണും. എന്റെ കാര്യമോ സലീമേ, നീണ്ട നാലു വർഷത്തെ ഇടവേളക്കുശേഷം വീട്ടിലെത്തുകയും മിച്ചംവെച്ച പൈസയും കടം വാങ്ങിയതെല്ലാം കൂട്ടി ഒരുചെറിയ തറയും കിണറും ഉണ്ടാക്കി എന്നല്ലാതെ, ആയിടക്ക് ഒരു സുഖമില്ലായ്മ വരുകയും അതിനിടയിൽ അവിടത്തെ നിയമം മാറലും ലവിയും എല്ലാം കൂടെ ആയപ്പോൾ ആ പോക്കും നിലച്ചു. ഒന്നുരണ്ട് തവണ നിസാമിനെ വിളിച്ച് ഒരു അവസരം ചോദിച്ചു എന്നല്ലാതെ കാര്യമായ മറുപടിയും ഉണ്ടായില്ല. അതിനിടയിലാണ് ഈ നാട്ടിലേക്ക് ഒരു അവസരം മറ്റൊരു സുഹൃത്ത് വഴി കിട്ടിയത്. എല്ലാം ഇവിടംകൊണ്ട് പച്ചപിടിക്കും എന്ന് കരുതിതുടങ്ങിയ പത്തു വർഷത്തെ പ്രവാസം പിന്നിട്ടപ്പോഴും കാര്യമായി ഒന്നും നേടിയില്ല എന്ന് മാത്രമല്ല എന്റെ തറയിൽ ഒരു കല്ല് വെക്കാൻ പോലും എനിക്കായില്ല സലീമേ..
ചോർന്നൊലിക്കാത്തൊരു വീടിനുള്ളിൽ കിടന്നുറങ്ങാനുള്ള എന്റെ ഉമ്മാന്റെ ആഗ്രഹം പോലും ഈ കാലമത്രയും നേടിക്കൊടുക്കാൻ എനിക്ക് സാധിച്ചില്ല. ഇന്ന് ഞാനെന്റെ മോളുമായി സംസാരിക്കുന്നതിനിടയിൽ എളാപ്പാന്റെ മോന്റെ വീടുകൂടലിന് പോയതും മഴയും വെയിലും മഞ്ഞും ഒക്കെ വീടിനുള്ളിൽ ഇരുന്നുകൊണ്ട് കാണാനുള്ള സംവിധാനങ്ങളെക്കുറിച്ചൊക്കെ പറയുന്നതിനിടയിൽ ഉപ്പാന്റെ മോളു ചായകുടിച്ചോ എന്ന് ചോദിച്ചപ്പോൾ അവൾ പറയാ അതിനു ഈ മഴയൊന്നു തോരട്ടെ എന്നാണ് ഉമ്മ പറയുന്നത്. ചായ കുടിക്കാൻ മഴ തോരണോ എന്നതിന് അവൾ പറയാ അവസാനത്തെ ചായ പാത്രവും ഉമ്മ മഴ ചോരുന്നിടത്ത് വെച്ചേക്കുകയാണുപ്പാ.
എന്റെ ഉള്ളൊന്നു പിടഞ്ഞു സലീമേ അതു കേട്ടപ്പോൾ. എന്ത് ചെയ്യാനാ.. നാലര വർഷം മുമ്പ് നാട്ടിൽ പോയപ്പോൾ ഞാനും സുഹറയും പുതിയ തൈകൾ കുറെ നട്ടുപിടിപ്പിച്ചിരുന്നു. വീടുമാറാൻ സമയമാവുമ്പോഴേക്കും അവയെല്ലാം വളർന്നു വലുതാകുന്നതും പുതിയ വീട്ടിൽ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു സൽക്കാരം നടത്തുന്നതും ചോരാത്ത വീട്ടിനുള്ളിൽ എന്റെ ഉമ്മ സുഖമായി കിടന്നുറങ്ങുന്നതും അങ്ങനെയങ്ങനെ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു ഞങ്ങൾ. എത്ര പ്രതീക്ഷയിലായിരിക്കും എന്റെ സുഹറയെ ഉപ്പയും ഉമ്മയും എന്നെ കൈപിടിച്ച് ഏൽപിച്ചിട്ടുണ്ടാവുക. അവൾക്കായി തന്ന സ്വർണമെല്ലാം എന്റെ പ്രയാസങ്ങൾക്കു മുമ്പിൽ അവൾ നീട്ടിത്തരുമ്പോൾ ഒരു തരി പോലും തിരിച്ച് നൽകാൻ കഴിഞ്ഞില്ല എന്നതുതന്നെയാണ് സത്യം. ആയിടക്ക് മൂത്ത മകൾക്ക് നല്ലൊരു കല്യാണാലോചന വന്നപ്പോൾ അവളെ കെട്ടിച്ചയക്കലും അതിന്റെ ബാധ്യത കൂടിയായപ്പോഴേക്കും ഒന്നും പറയണ്ട. കൊടുത്ത പൊന്നിൽ അൽപം കുറഞ്ഞെന്നും പറഞ്ഞ് ഇടക്ക് അവളുടെ ഉമ്മ ശകാരിക്കാറുണ്ട് പോലും. നിന്റെ ഉപ്പാനോട് ആ ബാക്കിയുള്ള രണ്ട് പവൻ തരാൻ പറയ്, കാലം കഴിയുംതോറും തരാനുള്ള താൽപര്യം കുറഞ്ഞു പോകുമത്രേ. ഈയിടക്ക് ഞാനെന്റെ പുതിയ സ്ഥലം കാണാനുള്ള ആഗ്രഹം സുഹറയോട് പറഞ്ഞപ്പോൾ വീഡിയോ കാൾ വഴി അവളെല്ലാം കാണിച്ചുതന്നു. അന്ന് നട്ട തൈകളെല്ലാം എന്നോളം ഉയരത്തിൽ വളർന്നെങ്കിലും തറയും കിണറും കാടുപിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി. തൊട്ടപ്പുറത്ത് നിൽക്കുന്ന പുതിയ വീ ടാരുടേതാണെന്ന് ചോദിച്ചപ്പോൾ സുഹറ പറയാ അതിവിടെ കൂലിപ്പണിക്ക് പോകുന്ന മുനീറില്ലേ ഓന്റെ വീടാണത്രേ... ഇങ്ങളെപ്പോലെ ഗൾഫുകാരന്റെ വീടൊന്നുമല്ല കേട്ടോ.
ആ മറുപടിയിലുണ്ടായിരുന്നു അവളുദ്ദേശിച്ച എല്ലാ കാര്യങ്ങളും. നജീബ്ക്കാ, നാലര വർഷം കഴിഞ്ഞില്ലേ, ഇനിയൊന്ന് നാട്ടിൽ പോയി വന്നുകൂടെ. സലീമിന്റെ ചോദ്യത്തിന് മറുപടി എന്നോണം നജീബ്ക്ക പറഞ്ഞു: പോകണം അധ്വാനിക്കാനുള്ള ആരോഗ്യമൊക്കെ കുറഞ്ഞുവന്നു.. ഇപ്പോൾ കൈകാലുകൾക്കുള്ള വേദന സ്ഥിരമായിരിക്കുന്നു. അവൾ പറയുന്നപോലെ ഒന്നുമായില്ലെങ്കിലും ആ സ്ഥലം കൊടുത്തെങ്കിലും ഒരു ചെറിയ വീടു വാങ്ങണം. ആശ്വസിപ്പിക്കാൻ എനിക്കും വ്യത്യസ്തമല്ലാത്ത ഒരു ജീവിതവും ഇല്ലായിരുന്നു. കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു ഞാൻ. നജീബ്ക്കാ പടച്ചവന്റെ ഒരു പ്രതിനിധി നമ്മളീ കഷ്ടപ്പെടുന്ന പ്രവാസികളെ നേരിട്ടൊന്നു കാണാൻ വന്നാൽ, സത്യം പറയാലോ നജീബ്ക്കാ ഈ കരകാണാ കടലും മരുഭൂമിയും സാക്ഷിനിൽക്കെ നമ്മൾ പ്രവാസികളുടെ സങ്കടമൊക്കെ പറഞ്ഞൊന്ന് പൊട്ടിക്കരയാനെങ്കിലും കഴിഞ്ഞെങ്കിൽ. പറഞ്ഞു തീരുമ്പോഴേക്കും നജീബ്ക്കാ റൂമിന്റെ ലൈറ്റ് അണച്ചിരുന്നു, കാരണം, ഞങ്ങൾക്കിടയിൽ പിന്നെയുണ്ടായത് ഇരുട്ടിന്റെ നിശ്ശബ്ദതയിൽ അടക്കിപ്പിടിച്ച തേങ്ങൽ മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.